കാസര്‍കോട്: കേരളതീരത്തെ കള്ളക്കടല്‍ പ്രതിഭാസം തുടരുന്നു, ഉദുമ, കാപ്പില്‍ വയലിലും പുഴയിലും വെള്ളം കയറി. ഞായറാഴ്ച അനുഭവപ്പെട്ടു തുടങ്ങിയതാണ് കള്ളക്കടല്‍ പ്രതിഭാസം. ഞായറാഴ്ച വൈകിട്ട് തൃക്കണ്ണാട് ഭാഗത്ത് വെള്ളം കയറിയിരുന്നു. ശക്തമായ തിരമാല ഉണ്ടായിരുന്നുവെങ്കിലും കാപ്പിലില്‍ ഇന്നലെ സുരക്ഷിതമായിരുന്നു. തിങ്കളാഴ്ച രാവിലെ ഏറ്റത്തിന്റെ സമയത്ത് കടല്‍ത്തിരമാലകള്‍ ശക്തമാവുകയും കരയിലേക്ക് അടിച്ചുകയറുകയുമായിരുന്നുവെന്ന് തീരദേശവാസികള്‍ പറഞ്ഞു. ഇന്നലെ വരെ കുട്ടികള്‍ ഫുട്ബോള്‍ കളിച്ചുകൊണ്ടിരുന്ന കാപ്പില്‍ വയലില്‍ വെള്ളം നിറഞ്ഞിരിക്കുകയാണ്. തിരമാലകള്‍ അടിച്ചുകയറി കാപ്പില്‍ പുഴയിലും വെള്ളം കയറിയിട്ടുണ്ട്. അഴിമുഖം അടഞ്ഞുകിടക്കുന്നതിനാല്‍ വെള്ളം പുഴയില്‍ തന്നെ കെട്ടിക്കിടക്കുകയാണ്. വയലിലും പുഴയിലും വെളളം കയറിയതിനെതുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ വീട്ടു കിണറുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളതായി തീരവാസികള്‍ പറഞ്ഞു.
