മംഗളൂരു: വെള്ളിയാഴ്ച വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കര്‍ണ്ണാടകയിലെ സുബ്രഹ്മണ്യം, മടിക്കേരി, ഹൊസക്കോട്ട എന്നിവിടങ്ങളിലാണ് മൂന്ന് പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടത്. സുബ്രഹ്മണ്യം, പര്വ്വതിമുഖിയില് ഉണ്ടായ ഇടിമിന്നലില്‍ കാര്‍ സര്‍വ്വീസ് സെന്റര്‍ ഉടമ സോമസുന്ദരം (33) ആണ് മരിച്ചത്. 15 ദിവസം മുമ്പാണ് ഇയാളുടെ വിവാഹം കഴിഞ്ഞത്. വൈകുന്നേരം മുറ്റത്ത് ഉണങ്ങാനിട്ട അടയ്ക്ക വാരുന്നതിനിടയിലാണ് ഇടിമിന്നലേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മടിക്കേരിയില്‍ ആസാം സ്വദേശിയായ തോട്ടം തൊഴിലാളിയാണ് മരിച്ചത്. തോട്ടത്തില്‍ പണിയെടുക്കുകയായിരുന്ന പ്രമോദ് ധര്മ്മിനി(30)യാണ് മരിച്ചത്. തോട്ടത്തിലേക്ക് പോയ ഇയാളെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം തോട്ടത്തില്‍ ഇടിമിന്നലേറ്റ നിലയില്‍ കണ്ടെത്തിയത്.
ഹൊസക്കോട്ട, ഗണലാലുവില് ചെമ്മരിയാട്ടിന്‍ പറ്റത്തെ മേയ്ക്കാന്‍ പോയ രത്നമ്മ (55)യെന്ന സ്ത്രീയാണ് ഇടിമിന്നലേറ്റ് മരിച്ചത്. 20 ആടുകളും ചത്തു.
