കാസര്‍കോട്: അതിര്‍ത്തിയില്‍ രാജ്യം കാക്കാന്‍ കാണിച്ച സൂക്ഷ്മത രാജ്യത്തിന്റെ പ്രതിരോധ മേഖലയിലും പുലര്‍ത്തിയശേഷം കമ്പല്ലൂര്‍ തെക്കേവീട്ടില്‍ ടിവി കൃഷ്ണന്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും പടിയിറങ്ങി. രണ്ടു മേഖലയിലുമായി 40 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഹിന്ദുസ്ഥാന്‍ എയ്‌റോ നോട്ടിക്കല്‍ ലിമിറ്റഡ് എന്‍ജിനീയറിങ് വിഭാഗത്തില്‍ നിന്ന് മാസ്റ്റര്‍ സൂപ്പര്‍വൈസര്‍ പദവിയില്‍ നിന്നും പടിയിറങ്ങുന്നത്.
കമ്പല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം വയക്കര സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പാസായി കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ പ്രീഡിഗ്രി വിദ്യാഭ്യാസത്തിന് ശേഷം 1983 ആഗസ്റ്റില്‍ പതിനെട്ടാമത്തെ വയസില്‍ മിലിറ്ററിയില്‍ ചേര്‍ന്നു. യുദ്ധങ്ങളില്‍ സജീവമായി ഉപയോഗിക്കുന്ന ടാങ്കറിന്റെ ടെക്നീഷ്യനായിട്ട് ഹൈദരാബാദിലായിരുന്നു നിയമനം. അതേ സമയം തന്നെ ഹൈദരാബാദിലെ ഇഎംഇ കോളേജില്‍ ഡിപ്ലോമ ഇന്‍ എറനോട്ടിക്കല്‍ എഞ്ചീനിയറിംങ് കോഴ്സും പൂര്‍ത്തിയാക്കി. തുടര്‍ന്ന് പരിശീലനത്തിന് ശേഷം നാസിക്കിലാണ് നിയമനം ലഭിച്ചത്. കാര്‍ഗില്‍ യുദ്ധമുഖത്ത് ടെക്നിക്കല്‍ വിഭാഗത്തില്‍ സദാസമയവും പൊക്രാന അണുവിസ്ഫോടനസമയത്തുണ്ടായ പ്രശ്നങ്ങള്‍ നേരിടുന്നതിലും പൂര്‍ണ സമയം കര്‍മ്മനിരതനായിരുന്നു. മണിപ്പൂര്‍, നാഗാലാന്റ്, ഝാന്‍സി എന്നിവിടങ്ങളിലെ സേവനത്തിന് ശേഷം നാസികില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ബംഗളൂരു എച്ച്.എ എല്ലില്‍ (ഹിന്ദുസ്ഥാന്‍ എറനോട്ടിക്കല്‍ ലിമിറ്റഡ്)2003 നവംബര്‍ മൂന്നിന് ഹെലികോപ്റ്റര്‍ എന്‍ജിനീയറിംങ് വിഭാഗത്തിന്റെ ടെക്നീഷ്യനായി നിയമം ലഭിച്ചു.2004 മുതല്‍ 2011 വരെ നാസികില്‍ കസ്റ്റംസ് സപ്പോര്‍ട്ടിംങും ആര്‍മി ഏവിയേഷന്‍ സ്‌ക്വാഡിലും പ്രവര്‍ത്തിച്ചു. 2011 മുതല്‍ 17 വരെ കൊച്ചി ഐഎന്‍എസ് ഗരുഡയില്‍ നേവി കസ്റ്റംസ് സപ്പോര്‍ട്ടിംങ് ടെക്നിക്കല്‍ വിഭാഗത്തിലും പ്രവര്‍ത്തിച്ചു. കേരളത്തില്‍ ആദ്യമുണ്ടായ പ്രളയ സമയത്ത് നേവിയെ പൂര്‍ണമായും സഹായിച്ച് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. തുടര്‍ന്ന് 2017 മുതല്‍ 2024 ഏപ്രില്‍ 30 വരെ ബംഗളൂരു എച്ച്എഎല്‍ ആസ്ഥാനത്തെ സേവനത്തോടെയാണ് വിരമിക്കുന്നത്. ഇദ്ദേഹത്തോടപ്പം സീനീയറായിട്ടുള്ള 40 പേര്‍ കൂടി വിരമിച്ചതോടെ ജോലിയില്‍ പ്രാവീണ്യവും പരിചയ സമ്പത്തുള്ള ആളുകള്‍ ഇല്ലാത്തത് കാരണം വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ജീവനേക്കാളും ജീവിതത്തേക്കാളും രാജ്യ സുരക്ഷയാണ് പരമ പ്രധാനമെന്നുള്ള ദൃഡനിശ്ചയം മനസില്‍ കൊണ്ട് നടക്കുന്നത് കാരണം വീണ്ടും ജോലി യില്‍ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് ടി.വി.കൃഷ്ണന്‍. ഭാര്യ: സതി.കെ.പി. മക്കള്‍: വിഷ്ണുപ്രിയ ടി.വി, ആര്യകൃഷ്ണന്‍.ടി.വി.
