കാസര്‍കോട്: മൂന്ന് പശുക്കളെ കെട്ടിയിരുന്ന തൊഴുത്ത് കത്തി നശിച്ചു. സംഭവം ഉടന്‍ വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതിനാല്‍ പശുക്കളെ രക്ഷപ്പെടുത്താനായി. തൊഴുത്തു കത്തി നശിച്ചത് മൂലം രണ്ട് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
വൊര്‍ക്കാടി, പഞ്ചായത്തിലെ ബാക്രവയല്‍ മൂലയിലെ മഹാബലഷെട്ടിയുടെ തൊഴുത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. തൊഴുത്തിലുണ്ടായിരുന്ന മൂന്ന് പശുക്കള്‍ ഉച്ചത്തില്‍ കരയുന്നത് കേട്ടാണ് മഹാബലഷെട്ടിയും കുടുംബവും ഉണര്‍ന്നത്. തീ ആളിക്കത്തുന്നത് കണ്ട് ഓടി തൊഴുത്തില്‍ കയറി പശുക്കളെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇതിനിടയില്‍ അയല്‍വാസികളുമെത്തി. പിന്നീട് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ തീയണച്ചുവെങ്കിലും തൊഴുത്ത് പൂര്‍ണ്ണമായും കത്തിയിരുന്നു. തൊഴുത്തിലുണ്ടായിരുന്ന തേങ്ങകളും വൈക്കോലും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
