കണ്ണൂര്‍: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോയി ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ച സദാചാര ഗുണ്ടാ സംഘാംഗങ്ങളായ മൂന്ന് പേര്‍ അറസ്റ്റില്‍. കൂത്തുപറമ്പ്, പൂക്കോട്, ദാറുല്‍ സലിമിലെ മുഹമ്മദ് സിനാന്‍ (18), മമ്പറം, പറമ്പായി, കുരുവോലില്‍ അലീഫ് ഹൗസില്‍ കെ. മുഹമ്മദ് സഹദ് (24), ഒരു പതിനേഴുകാരന്‍ എന്നിവരെയാണ് കൂത്തുപറമ്പ് എ.സി.പി കെ.വി വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്.
തലശ്ശേരി നെട്ടൂരിലെ മണക്കബറാത്ത് മുഹമ്മദ് ഷെഫീഖ് (22) ആണ് ആക്രമണത്തിന് ഇരയായത്. വ്യാഴാഴ്ച വൈകുന്നേരം തലശ്ശേരി ഇല്ലിക്കുന്നില്‍ വെച്ചാണ് ഒരു സംഘം കാറില്‍ തട്ടിക്കൊണ്ടു പോയത്. തലശ്ശേരിയിലെ ഒരു വ്യാപാര സ്ഥാപനത്തിലെ സെയില്‍സ്മാനാണ് പരാതിക്കാരനായ മുഹമ്മദ് ഷഫീഖ്. ഇയാള്‍ക്ക് ഒരു പെണ്‍കുട്ടിയുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് സദാചാര ഗുണാസംഘം തട്ടിക്കൊണ്ടു പോയത്. പിന്നീട് കാറില്‍ പല സ്ഥലങ്ങളിലും കറങ്ങിയതിന് ശേഷം ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആയുധങ്ങളടക്കം ഉപയോഗിച്ചായിരുന്നു ആക്രമം. ഒടുവില്‍ രാത്രി 10.30 മണിയോടെ കൂത്തുപറമ്പിലെത്തിച്ചു. പിന്നീട് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ കോംപൗണ്ടില്‍ തന്നെയുള്ള പൊലീസ് ക്വാര്‍ട്ടേഴ്‌സിന് പിറക് വശത്തെ കുറ്റിക്കാട്ടിലെത്തിച്ചു. അതിന് ശേഷം ഷെഫീഖിന്റെ കൈകാലുകള്‍ കെട്ടിയിടുകയും വായില്‍ തുണി തിരുകുകയും ചെയ്തു വീണ്ടും മര്‍ദ്ദനം തുടര്‍ന്നു. ഇതിനിടയില്‍ വായയിലെ തുണി നീങ്ങിയപ്പോള്‍ ഷെഫീഖ് നിലവിളിച്ചു. നിലവിളി ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിയെത്തിയപ്പോള്‍ ഷഫീഖിനെ ഉപേക്ഷിച്ച അക്രമിസംഘം കാറുമായി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കൂത്തുപറമ്പ് പൊലീസെത്തിയാണ് ഷെഫീഖിനെ ആശുപത്രിയില്‍ എത്തിച്ചത്. അക്രമികള്‍ക്കായി പൊലീസ് വിവിധ പ്രദേശങ്ങളില്‍ വ്യാപകമായി തെരച്ചില്‍ ആരംഭിച്ചു. ഇതിനിടിയില്‍ അര്‍ധരാത്രിയോടെ സംഘം സഞ്ചരിച്ചിരുന്ന കാര്‍ കൂത്തുപറമ്പ് ടൗണില്‍ വെച്ച് പിടികൂടി.
സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.