ഏറണാകുളം: പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്നു റോഡിലേക്ക് എറിഞ്ഞു കൊന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേതയാ കേസെടുത്തു. സംഭവസ്ഥലം സന്ദർശിച്ച ശേഷം ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ് പനമ്പള്ളി നഗറിൽ വെള്ളിയാഴ്ച്ച പുലർച്ചെ ഉണ്ടായത്. കുട്ടികളെ സംരക്ഷിക്കാൻ കഴിയാത്തവർ ക്രൂരത കാണിക്കരുത്. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനായി അമ്മത്തൊട്ടിൽ, ചിൽഡ്രൻസ് ഹോം തുടങ്ങിയ സർക്കാർ സംവിധാനങ്ങളുണ്ട്. ഇത്തരം സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ തയ്യാറാകണം – കമ്മീഷൻ ചെയർമാൻ പറഞ്ഞു.