ലൈംഗീക ആരോപണം വിവാദമായി; പ്രജ്വല്‍ രേവണ്ണയെ ജെഡിഎസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു; വീട്ടുവേലക്കാരിയായ 47-കാരി നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി

സ്ത്രീ പീഡന പരാതി നേരിടുന്ന കര്‍ണാടകയിലെ ഹാസന്‍ ലോക്സഭ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
സസ്‌പെന്‍ഷന്‍ കാലയളവ് എസ്ഐടി അന്വേഷണത്തിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കുമെന്നാണ് ജെഡിഎസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. ഹുബ്ബള്ളിയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇന്നലെ ഹുബ്ബാലിയില്‍ പാര്‍ട്ടി അടിയന്തരയോഗം ചേര്‍ന്നിരുന്നു.
സ്ത്രീപീഡന പരാതിയില്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു. സംസ്ഥാന വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുന്നതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കര്‍ണാടകയില്‍ ഹാസന്‍ ഉള്‍പ്പെടെ 14 മണ്ഡലങ്ങളിലേക്ക് നടന്ന ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി ആയിരുന്നു പ്രജ്വല്‍ രേവണ്ണക്കെതിരെ വീഡിയോ ക്ലിപ്പുകള്‍ പ്രചരിച്ചത്. സ്ത്രീയുടെ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിലാണ് വനിതാ കമ്മിഷന്റെ ഇടപെടല്‍. എച്ച്.ഡി. രേവണ്ണയുടെയും പ്രജ്വലിന്റെയും പേരില്‍ വീട്ടുവേലക്കാരിയായ 47-കാരി നല്‍കിയ ലൈംഗികപീഡന പരാതിയില്‍ അന്വേഷണം തുടങ്ങി. അതേസമയം വിവാദങ്ങളോടൊന്നും പ്രതികരിക്കാതെ പ്രജ്വല്‍ രേവണ്ണ ജര്‍മനിയിലേക്ക് പറന്നു.
അതേസമയം, വീഡിയോ ക്ലിപ്പുകള്‍ കൃത്രിമമായി നിര്‍മിച്ചതാണെന്ന വാദമാണ് ജെഡിഎസിന്റേത്. ഹാസനില്‍ രണ്ടാമതും ജനവിധി തേടുന്ന പ്രജ്വല്‍ രേവണ്ണയെ തോല്‍പ്പിക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ശ്രമം നടന്നിട്ടുണ്ട്. പ്രജ്വല്‍ രേവണ്ണയെ പൊതു സമൂഹത്തില്‍ അപമാനിക്കാന്‍ നവീന്‍ ഗൗഡയെന്ന ആളും മറ്റു ചിലരും ചേര്‍ന്ന് കൃത്രിമമായി നിര്‍മിച്ച വീഡിയോകളും ചിത്രങ്ങളും ഹാസന്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്തതായാണ് ജെഡിഎസ് – ബിജെപി നേതൃത്വം ആരോപിക്കുന്നത് .
സിഡികള്‍, വാട്ട്സ്ആപ്പ് , പെന്‍ഡ്രൈവ്, എന്നിവയിലൂടെ പ്രചരിപ്പിക്കപ്പെട്ട വീഡിയോ ഒട്ടുമിക്ക ആളുകളുടെയും പക്കല്‍ എത്തിയിട്ടുണ്ട്. ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവെ ഗൗഡയുടെ മകന്‍ എച്ച് ഡി രേവണ്ണയുടെ മകനാണ് പ്രജ്വല്‍ രേവണ്ണ.
ദേവെ ഗൗഡയുടെ തട്ടകമായ ഹാസനില്‍ നിന്ന് 2019ല്‍ ആയിരുന്നു പ്രജ്വല്‍ ലോക്‌സഭയിലേക്ക് കന്നി അങ്കം ജയിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page