ദുരന്തത്തില്‍പെട്ടത് ഒരുകുടുംബത്തിലെ നാലുപേര്‍; മകനെ പഠന സ്ഥാപന കേന്ദ്രത്തില്‍ ചേര്‍ത്ത് തിരിച്ചുളള യാത്ര അന്ത്യയാത്രയായി; നാട് കണ്ണീരില്‍

കണ്ണൂര്‍: കണ്ണപുരം പുന്നച്ചേരിയില്‍ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ച സംഭവം നാടിന്റെ നൊമ്പരമായി. നാടിനെ നടുക്കിയ ദുരന്തവാര്‍ത്തയറിഞ്ഞ് വിറങ്ങലിച്ചിരിക്കുകയാണ് കരിവെള്ളൂര്‍ ഗ്രാമം. മരിച്ചവരില്‍ നാലുപേരും കരി വെള്ളൂര്‍ പുത്തൂര്‍ സ്വദേശി കള്‍. വണ്ടിയോടിച്ച കാസര്‍കോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എന്‍ പത്മകുമാര്‍ (കുട്ടന്‍ 59), കാസര്‍കോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരന്‍ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂര്‍ കൊഴുമ്മല്‍ കൃഷ്ണന്‍ (65), അജിതയുടെ സഹോദരന്‍ അജിത്തിന്റെ മകന്‍ ആകാശ് (9) എന്നിവരാണ് മരിച്ചത്. ഏക മകന്‍ സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തില്‍ സി.എക്ക് ചേര്‍ത്ത് ഹോസ്റ്റലിലാക്കി വരികയായിരുന്നു സുധാകരനും കുടുംബവും. പുന്നച്ചേരി പെട്രോള്‍ പമ്പിന് സമീപത്തുവച്ചാണ് തിങ്കളാഴ്ച രാത്രി 10.15ഓടെ ദുരന്തം നടന്നത്. കണ്ണൂര്‍ ഭാഗത്തുനിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കാറും എതിരെ വന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ പിന്നിലുണ്ടായിരുന്ന ലോറി ഇടിച്ച് നിയന്ത്രണംവിട്ട് എതിരെ വരികയായിരുന്ന ഗ്യാസ് സിലിണ്ടറുമായി പോകുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. വാഹനം വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. അപകടത്തിന് ഇടയാക്കിയ രണ്ട് ലോറികളുടെയും ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങള്‍ ഉച്ചയോടെ പോസ്റ്റുമോര്‍ട്ടം ചെയ്യും. ബദിയടുക്ക മുനിയുരിലെ രാധാമണിയാണ് മരണപ്പെട്ട പത്മകുമാറിന്റെ ഭാര്യ.ശൈലനാഥ്, ശൈലശ്രീ എന്നിവര്‍ മക്കളാണ്.
സുജിത്ത് (നെച്ചിപടുപ് കാടകം) മരുമകനാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page