ജെയ്പൂര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളി ഇമാമിനെ മുഖം മൂടി സംഘം അടിച്ചുകൊന്നു. പള്ളിയില്‍ ആറു കുട്ടികള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഇമാം മുഹമ്മദ് മാഹിര്‍ ആണ് കൊല്ലെപ്പട്ടത്. ശനിയാഴ്ചയാണ് രാംഗഞ്ചിലെ കാഞ്ചന്‍നഗരിലെ മുസ്ലിം പള്ളിയിലാണ് സംഭവം.
30കാരനായ മുഹമ്മദ് മാഹിര്‍ ഉത്തര്‍പ്രദേശ് രാംപുരം സ്വദേശിയാണ്. നാലംഗ മുഖംമൂടി സംഘം പള്ളിയില്‍ അതിക്രമിച്ചു കയറി ഇമാമിനെ വടികൊണ്ട് അക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കുട്ടികള്‍ സഹായത്തിനായി നിലവിളിച്ചപ്പോള്‍ അക്രമി സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അക്രമത്തിന് ശേഷം കുട്ടികളുടെ മൊബൈല്‍ ഫോണുകളുമായാണ് അക്രമികള്‍ സ്ഥലം വിട്ടത്. കുട്ടികള്‍ പരിസരവാസികളെ അറിയിച്ചതിനെത്തുടര്‍ന്നാണ് വിവരം പുറം ലോകം അറിഞ്ഞത്.
പൊലീസെത്തി കൊലയാളികള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതികളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ് പൊലീസ്.
