പാഠം മൂന്ന്: മൂന്നാംമുറ

തമിഴ് മഹാകവി ഇളങ്കോ അടികളുടെ ‘ചിലപ്പധികാരം’ മഹാകാവ്യം കുറ്റാന്വേഷണവും ശിക്ഷയും സംബന്ധിച്ച് സര്‍വ്വകാലപ്രസക്തമായ ഒരു പാഠ പുസ്തകമാണ്. ചുരുക്കിപ്പറയാം: മാധവിയുടെ സൗന്ദര്യത്തില്‍ മതിമറന്ന കോവിലന്‍ കുറേക്കാലം ഭാര്യ ‘കണ്ണകി’ യെ ഓര്‍ത്തതേയില്ല. നാടും വീടും മറന്നു. വെളിപാടുണ്ടായപ്പോഴേക്കും കഞ്ഞിക്ക് അരിയില്ലാത്ത ദുര്‍ഗതി. കണ്ണകി തന്റെ ഒരു ചിലങ്ക ഊരിക്കൊടുത്തു. അത് വിറ്റ് എന്തെങ്കിലും വാങ്ങിക്കൊണ്ടുവരാന്‍. കോവിലന്‍ ചിലങ്കയുമായി സ്വര്‍ണ്ണക്കടയിലെത്തി. ചിലങ്ക കണ്ടപ്പോള്‍ സ്വര്‍ണ്ണപ്പണിക്കാരന് ഒരു കുബുദ്ധി തോന്നി: കൊട്ടാരത്തില്‍ നിന്നും കളവ് പോയ ചിലങ്കയാണോ അത്? ‘ആണ്’ എന്ന് പറഞ്ഞാല്‍ കള്ളനെ കണ്ടെത്തിയ തനിക്ക് രാജകീയ സമ്മാനം കിട്ടും. അയാള്‍ അപ്രകാരം അറിയിച്ചു.
രാജഭടന്മാര്‍ കോവിലനെ ചിലങ്ക സഹിതം പിടിച്ച് രാജസന്നിധിയില്‍ ഹാജരാക്കി. രാജാവ് ഉടന്‍ ശിക്ഷ നടപ്പിലാക്കി. കോവിലന്റെ കഴുത്ത് വെട്ടി. വിവരമറിഞ്ഞ കണ്ണകി തല്‍ക്ഷണം മറ്റേ ചിലങ്കയുമെടുത്ത് രാജസന്നിധിയിലെത്തി. രാജാവിനോട് ചോദിച്ചു: ‘രാജ്ഞിയുടെ ചിലങ്കയ്ക്കകത്ത് മുത്തോ പവിഴമോ? ‘മുത്ത്’ എന്ന് ഉത്തരം. ‘എന്നാല്‍ കണ്ടോളു’ എന്ന് പറഞ്ഞ് കണ്ണകി ചിലങ്ക തല്ലിപ്പൊട്ടിച്ചു. പവിഴമണി ചിതറി. കോവിലന്‍ വില്‍ക്കാന്‍ കൊണ്ടു പോയത് രാജ്ഞിയുടെ ചിലങ്കയല്ലെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. നിരപരാധിയെ ആണ് മോഷ്ടാവെന്ന് ആരോപിച്ച് ശിക്ഷിച്ചത്. കണ്ണകിയുടെ കോപാഗ്‌നിയില്‍ മധുരാപുരി കത്തിച്ചാമ്പലായി.
ഒരിടത്ത് ഒരു കുറ്റകൃത്യം നടന്നാല്‍ അന്വേഷണം ശരിയായ വഴിക്ക് നടക്കണം. കുറ്റാരോപിതന്‍ തന്നെയാണോ അത് ചെയ്തത്? മതിയായ തെളിവുണ്ടോ? തൊണ്ടി മുതല്‍ എന്ന് പറഞ്ഞ് ഹാജരാക്കിയത് യഥാര്‍ത്ഥത്തില്‍ മോഷണം പോയ മുതല്‍ തന്നെയാണോ? അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും ദുരുദ്ദേങ്ങളുണ്ടോ? എല്ലാം വ്യക്തമായി തെളിയും മുമ്പെ സംശയാലുവിനെ ‘പ്രതി’ എന്ന് പരാമര്‍ശിക്കാന്‍ പോലും പാടില്ല. കേസ് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീരിക്കുമ്പോള്‍ വളരെ സൂക്ഷ്മത പുലര്‍ത്തണം. നിരപരാധിയെ ‘അപരാധി’ എന്ന് മുദ്ര കുത്തരുത്. അപമാനം ദുസ്സഹം. ‘കേട്ടുകൂടാത്ത വാക്കാം ആയുധം കൊണ്ട് ഉണ്ടാകുന്ന വ്രണം ഒരിക്കലും ശമിക്കുകയില്ല’ എന്ന് ആപ്തവാക്യം.
വൈകിയെത്തുന്ന നീതി ഫലത്തില്‍ നീതി നിഷേധം. എന്നാല്‍, തിടുക്കത്തിലുള്ള നീതി നിര്‍വ്വഹണമോ? തികഞ്ഞ അന്യായം. ഒരിക്കലും തിരുത്താനാകാത്തത്. കൊല്ലം ജില്ലയിലെ അഞ്ചലില്‍ ഒരു സ്വര്‍ണ്ണക്കടയില്‍ 2014 സെപ്തംബറില്‍ ഒരു മോഷണം നടന്നു. പരാതിയെത്തുടര്‍ന്ന് പൊലീസ് വന്നു. കടയില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചു. ഓട്ടോ റിക്ഷാ ഡ്രൈവര്‍ രതീഷിന്റെ പടം. അയാളെ കസ്റ്റഡിയിലെടുത്തു. രണ്ട് ദിവസം ഭര്‍ത്താവിനെ കാണാതിരുന്നപ്പോള്‍ ഭാര്യ രശ്മി പൊലീസ് സ്റ്റേഷനിലെത്തി. മോഷണക്കേസില്‍ അറസ്റ്റിലായ വിവരമറിഞ്ഞു. 55 ദിവസം രതീഷ് കസ്റ്റഡിയില്‍. കുറ്റം സമ്മതിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ട്. കേസ് വിചാരണ നീണ്ടുപോയി. 2020ല്‍ തിരൂരില്‍ നടന്ന ഒരു മോഷണക്കേസില്‍ പിടിയിലായ തിരുവനന്തപുരം സ്വദേശി പൊലീസിന് നല്‍കിയ മൊഴിയില്‍ സമ്മതിച്ചു, 2014 സെപ്തംബറില്‍ അഞ്ചലിലെ സ്വര്‍ണക്കടയില്‍ മോഷണം നടത്തിയത് അയാളാണെന്ന്. അതോടെ രതീഷിന്റെ പേരിലുള്ള കേസ് റദ്ദാക്കപ്പെട്ടു. എന്നാല്‍, കള്ളനെന്ന മുദ്ര ബാക്കി. ഓട്ടോറിക്ഷ പൊലീസ് സ്റ്റേഷനില്‍ കിടന്ന് നശിച്ചു. കള്ളക്കേസില്‍ കുടുക്കിയ പൊലീസിനെതിരെ അപകീര്‍ത്തിക്കേസ് കൊടുത്ത രതീഷിന്റെ പേരില്‍ മറ്റൊരു കേസ് ചാര്‍ജ് ചെയ്ത് പൊലീസ് പകവീട്ടി. അപമാനം സഹിക്കാതെ ആ പാവം ആത്മഹത്യ ചെയ്തു. രതീഷിന്റെ ഭാര്യ രശ്മി പറയുന്നു, തന്റെ ഭര്‍ത്താവിനെ പൊലീസ് കൊന്നതാണ് എന്ന്. കസ്റ്റഡിയിലെടുത്തപ്പോള്‍ ചെയ്ത ‘മൂന്നാം മുറ’ കളെക്കുറിച്ച് മാത്രമല്ല ഉദ്ദേശിച്ചത്. പോലീസിന്റെ മൂന്നാംമുറ-അതൊരു അംഗീകൃത ‘മുറ’യാണ്.ഇന്ത്യന്‍ പോലീസ് സര്‍വ്വീസ് 1964 ഐപിഎസ് ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി.ജി ജാതവേദന്‍ നമ്പൂതിരിയുടെ അനുഭവം-‘-സെക്കുലര്‍ പോലീസ്” എന്ന ആത്മകഥയില്‍ രേഖപ്പെടുത്തിയത് ഉദ്ധരിക്കാം. പരിശീലകര്‍ ശാസ്ത്രീയമായ കേസന്വേഷണത്തിന് നല്ല പ്രാധാന്യം നല്‍കിയിരുന്നു. അശാസ്ത്രീയമായ, പുരാതനമായ, അന്വേഷണരീതികള്‍, ഉദാഹരണമായി ‘മൂന്നാംമുറ’ ഒട്ടുമേ സ്വീകാര്യമല്ല എന്ന് ക്ലാസില്‍ വീണ്ടും വീണ്ടും ഊന്നിപ്പറഞ്ഞിരുന്നു. ഇതെല്ലാം ക്ലാസിലും പാഠ്യപുസ്തകങ്ങളിലും മാത്രം ബാധകമാണെന്ന് അവിടെ വെച്ച് തന്നെ ബോധ്യമായി.
ഒരിക്കല്‍ പരിശീലന കേന്ദ്രത്തിലെ മെസ്സില്‍ പ്രദര്‍ശിപ്പിച്ചിരുന്ന വിലപിടിപ്പുള്ള ചില ട്രോഫികള്‍ കാണാതായി. സംശയം അവിടെ ജോലി ചെയ്യുന്ന വെയിറ്റര്‍മാരെ. രണ്ടു രാത്രി അവരെ ക്രൂരമായി ഭേദ്യം ചെയ്തു. തികച്ചും അശാസ്ത്രീയമായ അന്വേഷണ രീതി എന്ന് ക്ലാസില്‍ ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരുന്ന മുറകള്‍ തന്നെ. രണ്ടു മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വെയിറ്റര്‍മാരില്‍ ഒരാളെ ബസാറില്‍ കണ്ടു. നേരെ നടക്കാന്‍ കഴിയുന്നില്ല. ബാന്റേജിട്ട കൈയും മുഖവും. ഒരു പക്ഷെ, ഐപിഎസുകാര്‍ക്കുള്ള വിദഗ്ധ പരിശീലനത്തിന്റെ ഭാഗമായിരിക്കും ഇതും (പേജ് 15).
”ഒരു കേസില്‍, ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തപ്പെട്ടവര്‍, അന്വേഷണോദ്യോഗസ്ഥന് അനുകൂലമായ മൊഴി കൊടുത്തില്ലെങ്കില്‍ മൂന്നാംമുറ എന്ന ഭേദ്യം പ്രയോഗിക്കും. ആലുവ എഫ്.ഐ.സി.ടി മേധാവിയായിരിക്കെ കള്ളക്കേസില്‍ കുടുക്കി പുറത്താക്കപ്പെട്ട സീനിയര്‍ ഐ.എ.എസ് കാരന്‍, എം.കെ.കെ നായര്‍ ആത്മകഥ (ആരോടും പരിഭവമില്ലാതെ-575) യില്‍ പറയുന്നു. സമാനമായ അനുഭവമാണ് ഐ.എസ്.ആര്‍.ഒ മേധാവിയായിരിക്കെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കപ്പെട്ട നമ്പിനാരാണന്‍ പറഞ്ഞതും. രണ്ടുപേരും തീര്‍ത്തും നിരപരാധികളാണെന്ന് ഒടുവില്‍ തെളിഞ്ഞു. വര്‍ഷങ്ങളോളം പീഡനങ്ങളും അപമാനവും സഹിക്കേണ്ടി വന്നു. സാധാരണ പൊലീസുകാരായിരുന്നില്ല. സിബിഐ ആയിരുന്നു കേസന്വേഷണം നടത്തിയത്. സ്‌കോര്‍ട്ട്ലണ്ട് യാര്‍ഡില്‍ നിന്ന് വിദഗ്ധ പരിശീലനം നേടിയ ജയറാം പടിക്കല്‍ ‘മൂന്നാംമുറ’ എന്ന പീഡനകലയില്‍ അത്യുന്നതനായിരുന്നല്ലോ. രാജന്‍ കേസ് ഉദാഹരണം.
ജാതവേദന്‍ നമ്പൂതിരി പറഞ്ഞത് പോലെ കുറ്റാന്വേഷകരുടെ പാഠം മൂന്ന്: ‘മൂന്നാം മുറ’ പഠിപ്പിച്ചതല്ല പയറ്റുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page