കാസര്‍കോട്: വേനല്‍ചൂട് അതിരൂക്ഷമായിക്കൊണ്ടിരിക്കെ പനിയും പകര്‍ച്ച വ്യാധികളും പടരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ നിരവധിപേര്‍ പനിയും തുമ്മലും ചുമയും ക്ഷീണവുമായി ചികിത്സ തേടിയിട്ടുണ്ട്. പനിക്കൊപ്പം മഞ്ഞപ്പിത്തം ഡെങ്കിപ്പനി എന്നിവയും പടരുന്നുണ്ട്. പനിയും മറ്റും സംസ്ഥാന വ്യാപകമായി അനുഭവപ്പെടുന്നുണ്ടെന്ന് പരാതികളുണ്ട്. കോഴിക്കോട് ജില്ലയിലും പനിയും മഞ്ഞപ്പിത്തവും ഡങ്കിപ്പനിയും അനുഭവപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച 821 പേര്‍ കോഴിക്കോടു ജില്ലയില്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഡെങ്കിപ്പനി സാധാരണ മഴക്കാലത്താണ് പടരുന്നത്. വേനല്‍ക്കാലത്ത് ഈ രോഗം അനുഭവപ്പെടുന്നതു ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. വേനല്‍ രൂക്ഷമായി തുടരുകയും ജലക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നതിനാല്‍ ശുദ്ധമല്ലാത്ത വെള്ളം ഉപയോഗിക്കുന്നതാണ് മഞ്ഞപ്പിത്തത്തിനു കാരണമാവുന്നതെന്നു പറയുന്നു. കോഴിക്കോട്ട് മഞ്ഞപ്പിത്തം ബാധിച്ച രണ്ടുപേര്‍ മരണപ്പെട്ടിരുന്നു.