ഭാര്യയുടെ സ്വര്‍ണം അവര്‍ക്ക് മാത്രം; ഭര്‍ത്താവിന് എടുക്കാന്‍ അവകാശമില്ല; സുപ്രീംകോടതി

ന്യൂഡല്‍ഹി: വധുവിന് വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി. എന്നാല്‍ പ്രതിസന്ധിഘട്ടത്തില്‍ ഭാര്യയുടെ സമ്പത്ത് ഉപയോഗിക്കാമെങ്കിലും അതുതിരിച്ചുകൊടുക്കാനുള്ള ധാര്‍മികമായ ബാധ്യത ഭര്‍ത്താവിന് ഉണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. മലയാളി ദമ്പതിമാരുടെ കേസില്‍ സ്വര്‍ണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ നല്‍കാന്‍ നിര്‍ദേശിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് വിഷയത്തില്‍ ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
വിവാഹത്തിന് മുമ്പോ വിവാഹസമയത്തോ ശേഷമോ വധുവിന്റെ വീട്ടുകാര്‍ സ്ത്രീധനമായോ വധുവിന് നല്‍കുന്ന വസ്തുക്കള്‍ ഇതിലുള്‍പ്പെടുമെന്നും കോടതി വ്യക്തമാക്കി. ഇവയുടെ പരിപൂര്‍ണമായ അവകാശം അവള്‍ക്കു തന്നെയാണ്. ഈ വസ്തുക്കള്‍ അവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാം. ഭര്‍ത്താവിന് ഇക്കാര്യത്തില്‍ ഒരു നിയന്ത്രണവുമില്ല. പങ്കാളികള്‍ തമ്മിലുള്ള പരസ്പര ബഹുമാനമാണ് വിവാഹമെന്ന സങ്കല്പത്തിന്റെ അടിസ്ഥാനമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page