Thursday, May 23, 2024
Latest:

വേഷങ്ങള്‍ ജന്മങ്ങള്‍

കൂക്കാനം റഹ്‌മാന്‍

ഒരു സ്ത്രീയും പുരുഷനും തമ്മില്‍ കാണുകയും സംസാരിക്കുകയും ഒപ്പമിരുന്നു ഭക്ഷണം കഴിക്കുകയും ചിലപ്പോള്‍ പരസ്പരം ഇഷ്ടപ്പെട്ട് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്താല്‍ അവരെ കുറ്റപ്പെടുത്താമോ? അവര്‍ അങ്ങിനെ ചെയ്യുന്നത് അധാര്‍മികമെന്നോ സദാചാരവിരുദ്ധമെന്നോ സമൂഹം വിവക്ഷിക്കുന്നത് എന്തുകൊണ്ടാണ്? വളരെ പുരാതന കാലം മുതല്‍ വിവാഹേതരസ്ത്രീ-പുരുഷ ശാരീരിക ബന്ധപ്പെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് നമുക്കറിയാവുന്നതാണ്. ചിലത് പരസ്യമായും ചിലത് അതീവ രഹസ്യമായും നടന്നു എന്നു മാത്രം സ്ത്രീക്കും പുരുഷനും തമ്മില്‍ ഇഷ്ടപ്പെടല്‍ മാത്രം പോരാ അതിനുള്ള സൗകര്യവും ലഭ്യമായാലെ അവരുടെ ഇംഗിതം നടക്കൂ. കൗമാരക്കാരായ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും അപകടത്തില്‍ പെട്ടുപോകാതിരിക്കാനുള്ള ശ്രദ്ധ രക്ഷിതാക്കളുടെ ഭാഗത്തുനിന്നുണ്ടാവണം. കൗമാരക്കാരായാലും പ്രായപൂര്‍ത്തിയായവരായാലും അവരുടെ നീക്കങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുകയും സ്നേഹപുരസ്സരം നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വേണം. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട വിവരം വളരെ സ്വകാര്യമായി അറിഞ്ഞപ്പോള്‍, അവര്‍ അതിലേക്ക് എടുത്തു ചാടിയ സന്ദര്‍ഭം തിരിച്ചറിഞ്ഞത് വായനക്കാരുമായി പങ്കുവെക്കുകയാണ്.
വയസ്സ് 30 ല്‍ എത്തിയ അവിവാഹിതയാണ് കഥാപാത്രം. വീട്ടില്‍ അമ്മയും സഹോദരിമാരും ഉണ്ട്. ചെറിയൊരു ജോലി ടൗണിലെ സ്ഥാപനത്തില്‍ അവള്‍ക്കുണ്ട്. നാട്ടില്‍ തന്നെയുള്ള ഒരു ചെറുപ്പക്കാരനുമായി അവള്‍ക്ക് അടുപ്പമുണ്ട്. പുറത്താരും അറിയാത്ത ഒരു സ്വകാര്യമായിരുന്നു അത്. നമ്മുടെ കഥാപാത്രത്തിന് കുറച്ചകലെയുള്ള സ്ഥലത്ത് പരീക്ഷ എഴുതാന്‍ പോകണം. വീട്ടുകാരുടെ സമ്മതം വാങ്ങി. തനിച്ചു പോകാനുള്ള തന്റേടം അവള്‍ കാണിച്ചു. പക്ഷേ ഇത്തരം ഒരവസരം കിട്ടാന്‍ കഥാപാത്രവും അവളെ പ്രണയിക്കുന്നവനും കാത്തു നില്‍ക്കുകയായിരുന്നു. തേടിയവള്ളി കാലില്‍ ചുറ്റി എന്ന് പറഞ്ഞ പോലത്തെ അവസ്ഥ. ഈ കാമുകനെ കുറിച്ച് വീട്ടുകാര്‍ക്ക് ഒന്നുമറിയില്ലായിരുന്നു.
രണ്ടു പേരും ടൗണിലെത്തി. പരീക്ഷ നടക്കുന്ന സ്ഥാപനത്തിന്റെ അടുത്തുള്ള ലോഡ്ജില്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ എന്ന് പരിചയപ്പെടുത്തി മുറിയെടുത്തു. രണ്ടു പേര്‍ക്കും പരീക്ഷയല്ലാ പ്രാധാന്യം. തങ്ങളുടെ ദീര്‍ഘകാലത്തെ ആഗ്രഹം സഫലീകരിക്കാന്‍ പോകുന്ന ത്രില്ലിലായിരുന്നു ഇരുവരും. ഉറക്കമില്ലാത്ത രാത്രി. ഭയപ്പെടാനില്ലാത്ത സൗകര്യവും അന്തരീക്ഷവും. ഇതില്‍ പുറം മറ്റെന്തു വേണം? പരീക്ഷക്കു പങ്കെടുത്തു. അടുത്ത ദിവസം സ്ഥാപനത്തിലെത്തി. സ്ഥാപനമുടമ പരീക്ഷയുടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എന്തോ ആവശ്യത്തിന് അവളെ ബാങ്കിലേക്ക് പറഞ്ഞു വിട്ടു. അവള്‍ നടന്നു പോകുമ്പോള്‍ ഒരു കടലാസു കഷണം താഴെ വീഴുന്നത് ഉടമ കണ്ടു. ഒരു കുറിപ്പാണത്. അവളുടെകൂടെ ചെന്ന കാമുകനു നല്‍കാന്‍ തയ്യാറാക്കിയതായിരുന്നു ആ കുറിപ്പ്. ‘ഇന്നലത്തെ ഹാങ്ങ് ഓവര്‍ തീര്‍ന്നില്ല. നിനക്കെങ്ങിനെ?’
ബാങ്കില്‍ നിന്ന് തിരിച്ചെത്തിയ കഥാപാത്രത്തെ സ്ഥാപന ഉടമ ആഫീസില്‍ വിളിച്ചിരുത്തി സംസാരിച്ചു. അവള്‍ തത്ത പറയും പോലെ നടന്ന സംഭവങ്ങളെല്ലാം പങ്കിട്ടു. സ്ഥാപന ഉടമ മനുഷ്യത്വമുള്ള വ്യക്തിയായിരുന്നു. ഇക്കാര്യം പുറത്താരോടും പറയരുതെന്ന് അവളെ ബോധ്യപ്പെടുത്തി. നാളുകള്‍ കഴിഞ്ഞപ്പോള്‍ നല്ലൊരു വിവാഹാലോചന വന്നു. നല്ല രീതിയില്‍ വിവാഹം നടത്തി. സന്തോഷ ജീവിതം നയിക്കുകയാണ് അവരിപ്പോള്‍. വിവാഹത്തിനു മുന്നേ അവളോട് ഒരു ചെറുപ്പക്കാരന് ഇഷ്ടമുണ്ടായിരുന്നു. അവള്‍ പോകുന്നിടത്തെല്ലാം അവന്‍ പിറകില്‍ ഉണ്ടാവും. നാടകവും ഡാന്‍സും ബാലനടിയായി സിനിമയിലുമൊക്കെ മുഖം കാണിച്ചവളാണവള്‍. കാണാന്‍ സുന്ദരിയാണ്. ‘വിവാഹാലോചനയുമായി അവന്‍ വീട്ടുകാരുമായി ബന്ധപ്പെട്ടു. വീട്ടുകാര്‍ക്ക് അവനെ ഇഷ്ടമായില്ല., ഉയരം കുറഞ്ഞ കറുത്ത രൂപമുള്ള മുഖ പ്രസാദമില്ലാത്ത വ്യക്തിയായിരുന്നു അയാള്‍. അതിനാല്‍ വിവാഹം നടന്നില്ല. പക്ഷേ അയാള്‍ക്ക് നന്നേ ഇഷ്ടമായിരുന്നു അവളെ’ പല തവണ അവളോടും അയാള്‍ അപേക്ഷിച്ചു നോക്കി. നിസ്സഹായായ അവള്‍ ഒഴിഞ്ഞു മാറി. പക്ഷേ അവള്‍ക്ക് അയാളോട് സഹതാപം തോന്നിയിരുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ അവളെ മറക്കാന്‍ ഗള്‍ഫിലേക്ക് കടന്നു. വേറൊരു നല്ല വിവാഹാലോചന അവള്‍ക്കു വന്നു. ഏക മകന്‍, സുന്ദരന്‍ ഗള്‍ഫില്‍ ഉയര്‍ന്ന ജോലി. വീട്ടുകാര്‍ക്ക് ഇഷ്ടമായി. അവളും വിവാഹത്തിന് സമ്മതം മൂളി. വിവാഹം ഗംഭീരമായി നടന്നു. പുറമേ കാണുന്ന വെളുപ്പും തുടുപ്പുമല്ല അകത്തളത്തില്‍ എന്ന് തിരിച്ചറിയാന്‍ അധികനാള്‍ വേണ്ടി വന്നില്ല. പ്രഥമ രാത്രിയില്‍ അയാളുടെ ചോദ്യം ‘നിന്നെ വേറൊരാള്‍ പ്രണയിച്ചിരുന്നു അല്ലേ’ അവള്‍ സത്യസന്ധമായി മൊഴിഞ്ഞു. ‘സ്നേഹിച്ചിരുന്നു’
‘ആഹാ’ എന്നൊരട്ടഹാസവും ചെകിടടച്ച് നല്ലൊരു അടിയുമായിരുന്നു പ്രഥമ രാത്രി സമ്മാനം. ദിനേനയെന്നോണം മര്‍ദ്ദനമുറകള്‍ മാറി. ടോര്‍ച്ച്, ബെല്‍ട്ട് എന്നിവ കൊണ്ടായി. അയാള്‍ സംശയരോഗിയായിരുന്നു. ബെഡില്‍ മുത്രമെഴിക്കല്‍, അവളെ വെറും തറയില്‍ കിടത്തല്‍ എന്നീ കലാപരിപാടികള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു. ‘മൃഗീയമായ ലൈംഗികാക്രമണവുമുണ്ടായി. രണ്ടു മാസം കഴിഞ്ഞപ്പോള്‍ അവള്‍ ഗര്‍ഭിണിയായി. ‘അവളുടെ വയറ്റിലുള്ള കുഞ്ഞ് എന്റേതല്ല എന്നവന്‍ തുറന്നടിച്ചു. അവള്‍ നിരാശപൂണ്ട് സ്വന്തം വീട്ടിലേക്ക് തിരിച്ചു പോയി. വിവാഹമോചനം നേടിയേ പറ്റൂ എന്നവള്‍ വാശി പിടിച്ചു. എന്തൊക്കെ പ്രതീക്ഷകളുമായാണ് അവള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ കാലുകുത്തിയത്. എല്ലാം പൊലിഞ്ഞു പോയി.
ഗള്‍ഫിലേക്കു കടന്ന പഴയ കാമുകന്‍ നാട്ടിലെത്തിയിട്ടുണ്ട്. പഴയരൂപവും ഭാവവും ഒക്കെ മാറിയിട്ടുണ്ട്. സുന്ദരിയായ ഭാര്യയും മകനുമുണ്ട്. ആശുപത്രിയില്‍ പോയി വരുന്ന വഴിയില്‍ അവളുടെ മുമ്പില്‍ ഒരു കാര്‍ ബ്രേക്കിട്ട് നിര്‍ത്തി. അവള്‍ അവനെ കണ്ടു. ഒന്നു ചിരിച്ചു. വീട്ടില്‍ കൊണ്ടു വിടാം എന്ന് അവന്‍ പറഞ്ഞു. അവള്‍ നിഷേധിച്ചു. പിന്നീട് പല തവണ അവര്‍ പരസ്പരം കണ്ടു. പ്രശ്നങ്ങള്‍ സംസാരിച്ചു. വീട്ടുകാര്‍ അറിയാതെ അവള്‍ അയാളുമായി കൂടുതല്‍ അടുത്തു. അയാളോടൊത്ത് അവള്‍ രഹസ്യമായി പലയിടത്തും കറങ്ങി. സന്തോഷകരമായി ഇഷ്ടപ്പെട്ടു കൊണ്ട് അവര്‍ ശാരീരിക ബന്ധത്തിലും ഏര്‍പ്പെട്ടു. പക്ഷേ അയാള്‍ക്ക് ഭാര്യയും മകളുമുണ്ട്. അയാളുടെ ഭാര്യ കാര്യം മണത്തറിഞ്ഞു. അല്പം വഴക്കും വക്കാണവുമായി. പിന്നെ തമ്മില്‍ കാണാതായി. അവള്‍ പ്രസവിച്ചു. വിവാഹമോചിതനായ ഒരു യുവാവ് അവളെ സ്വീകരിക്കാന്‍ തയ്യായി. വിവാഹം നടന്നു. സന്തോഷപൂര്‍വ്വം അവര്‍ ജീവിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page