മംഗളൂരു: പ്രണയാഭ്യര്‍ത്ഥന നിരസിച്ച എം.സി.എ വിദ്യാര്‍ത്ഥിനിയെ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടയില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥി കുത്തിക്കൊന്നു. ഹുബ്ബള്ളിയിലെ ഒരു കോളേജ് വിദ്യാര്‍ത്ഥിനിയും ഗുബ്ബള്ളി ധാര്‍വാഡ് കോര്‍പ്പറേഷന്‍ അംഗവും കോണ്‍ഗ്രസ് നേതാവുമായ നിരജ്ഞന്റെ മകള്‍ നേഹ ഹീരേമ(22) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ നേഹയുടെ കോളേജില്‍ ബി.സി.എക്ക് പഠിക്കുന്ന ഫായിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫായിസ് നേരത്തെ നേഹയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ നേഹ നിരാകരിച്ചു. വ്യാഴാഴ്ച പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നേഹയുടെ പിന്നാലെ എത്തിയ ഫായിസ് വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തി. നിരസിച്ചപ്പോള്‍ കൈയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് കുത്തി. കുത്തേറ്റു നിലത്ത് വീണ നേഹയുടെ ദേഹത്ത് നിരവധി തവണ കുത്തി. കഴുത്തിന് ആഴത്തിലേറ്റ രണ്ട് കുത്തുകളാണ് മരണത്തിന് ഇടയാക്കിയത്. ബഹളം കേട്ട് മറ്റു വിദ്യാര്‍ത്ഥികള്‍ ഓടിയെത്തിയപ്പോള്‍ ചോരയില്‍ കുളിച്ച നിലയില്‍ നേഹയെ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.