പ്രചരണം അവസാനലാപ്പിലേക്ക്; കാസര്‍കോട്ട് പോരിനു വീര്യമേറി

കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ പോരിന് മൂര്‍ച്ഛ കൂടി. 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ തവണ കയ്യടക്കിയ കാസര്‍കോട് മണ്ഡലം ഇത്തവണയും നിലനിര്‍ത്താനുള്ള തികഞ്ഞ പോരാട്ടത്തിലാണ് സിറ്റിംഗ് എം.പിയായ രാജ്മോഹന്‍ ഉണ്ണിത്താന്‍. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഉണ്ണിത്താന്‍ എന്തു ചെയ്തുവെന്ന ഇടത് മുന്നണിയുടെ ചോദ്യത്തിന് മുന്നില്‍ കൂസാതെയാണ് ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി തുടരുന്നത്. കഴിഞ്ഞ തവണ ലഭിച്ച 40,412 വോട്ടിന്റെ ഭൂരിപക്ഷത്തെ മറി കടന്ന് തിളങ്ങുന്ന വിജയം കൈപ്പിടിയില്‍ ഒതുക്കാമെന്നാണ് ഉണ്ണിത്താന്റെയും വലതു മുന്നണിയുടെയും കണക്കുകൂട്ടല്‍. ഇതിനെ അടിസ്ഥാനമാക്കിയാണ് ഉണ്ണിത്താനും കൂട്ടരും ഓരോ ദിവസവും പ്രചരണത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവും കല്ല്യോട്ട് ഇരട്ടക്കൊല ഉണ്ടാക്കിയ രാഷ്ട്രീയ ഭൂകമ്പങ്ങളും ശബരിമല വിവാദവുമൊക്കെയായിരുന്നു ഉണ്ണിത്താനു അനുകൂലമായ ഘടകങ്ങള്‍. എന്നാല്‍ ഇത്തവണ അത്തരത്തിലുള്ള വിഷയങ്ങളൊന്നുമല്ല യുഡിഎഫ് തെരഞ്ഞെടുപ്പ് വിഷയമാക്കിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ കടക്കെണിയും മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങളുമാണ് വലത് മുന്നണി ഉയര്‍ത്തുന്ന പ്രധാന വിഷയങ്ങള്‍. അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും സിവില്‍ സപ്ലൈസ് ഷോപ്പുകളിലെ സാധനങ്ങളുടെ ദൗര്‍ലഭ്യതയും രാജ്മോഹന്‍ ഉണ്ണിത്താനും തെരഞ്ഞെടുപ്പ് വിഷയമാകുന്നു.

കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചു പിടിക്കുകയെന്ന ഒരൊറ്റ അജണ്ടയുമായാണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്‍ പ്രചരണ രംഗത്തുള്ളത്. മണ്ഡലത്തിലെ മേല്‍ക്കോയ്മ വോട്ടാക്കി മാറ്റിയാല്‍ നഷ്ടപ്പെട്ടു പോയ മണ്ഡലം തിരിച്ചു പിടിക്കാനാകുമെന്ന കണക്കു കൂട്ടലിലാണ് ഇടത് മുന്നണി. കഴിഞ്ഞ തവണ സ്വന്തം കാല്‍കീഴില്‍ നിന്നു ഒലിച്ചുപോയ വോട്ടുകളെല്ലാം ഇത്തവണ മുതലാക്കാനായാല്‍ മണ്ഡലം തിരിച്ചു പിടിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുന്നണിയും സ്ഥാനാര്‍ത്ഥിയും. തെരഞ്ഞെടുപ്പ് പ്രചരണ കേന്ദ്രങ്ങളിലെ വോട്ടര്‍മാരുടെ സാന്നിധ്യം ഇടത് മുന്നണിക്ക് കരുത്തു പകരുന്നുണ്ട്. സാധ്യയുള്ള ഓരോ വോട്ടും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പു വരുത്തുന്നതിനുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ബൂത്തു തലത്തില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണ കൈവിട്ടുപോയ മണ്ഡലം ഇത്തവണയെങ്കിലും തിരിച്ചു പിടിക്കാനായില്ലെങ്കില്‍ അതു ഭാവിയില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങള്‍ കൂടി കണ്ടറിഞ്ഞു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പാര്‍ട്ടിയും മുന്നണിയും മുന്‍തൂക്കം കൊടുക്കുന്നത്.


‘മോദിയുടെ ഗ്യാരന്റി’ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജെപിയിലെ എം.എല്‍. അശ്വിനി തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായിരിക്കുന്നത്. മണ്ഡലത്തിലെ ഓരോ മുക്കിലും മൂലയിലും കയറിയിറങ്ങി സജീവസാന്നിധ്യമായി മാറിയ അശ്വിനി ഉണ്ടാക്കിയ ഓളവും ആവേശവും തെരഞ്ഞെടുപ്പു ഫലത്തിലും നിഴലിക്കുമെന്നാണ് പ്രവര്‍ത്തകരുടെയും പാര്‍ട്ടിയുടെയും പ്രതീക്ഷ. കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ബിജെപിയില്‍ നിന്ന് മത്സരിക്കുന്ന ആദ്യത്തെ വനിതാ സ്ഥാനാര്‍ത്ഥി കൂടിയാണ് അശ്വിനി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ തന്നെ തിരഞ്ഞെടുപ്പു പ്രചരണ രംഗത്ത് എത്തിക്കാന്‍ കഴിഞ്ഞതും ബിജെപി നേട്ടമായി വിലയിരുത്തുന്നു.

ഉണ്ണിത്താനും എം.വി ബാലകൃഷ്ണനും എം.എല്‍ അശ്വിനിയും വിജയ പ്രതീക്ഷ പുലര്‍ത്തുകയും അവകാശ വാദങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ പ്രവചനത്തിനുമപ്പുറമായിരിക്കും കാസര്‍കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page