റീല്‍സ് എടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിന് വെട്ടേറ്റു; പെണ്‍കുട്ടിയടക്കം രണ്ടുപേര്‍ പിടിയില്‍; എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്

നവീകരിച്ച മാനവീയം വീഥി വീണ്ടും ചോരക്കളമായി. ശനിയാഴ്ച പുലര്‍ച്ചെ ഇരു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ യുവാവിന് വെട്ടേറ്റു. ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണയ്ക്കാണ് വെട്ടേറ്റത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ധനുകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ധനു കൃഷ്ണയെ വെട്ടിയ ഷെമീറും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയും മ്യൂസിയം പൊലീസിന്റെ കസ്റ്റഡിയിലാണ്. റീല്‍സ് എടുക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് ആരോപിക്കുന്നു. ക്രിമിനല്‍ കേസിലെ പ്രതിയാണ് വട്ടിയൂര്‍ക്കാവ് സ്വദേശിയായ ഷമീര്‍. പൊലീസ് നിയന്ത്രണങ്ങള്‍ അയഞ്ഞതോടെ ലഹരി സംഘങ്ങള്‍ വീണ്ടും മാനവീയം വീഥിയില്‍ താവളമാക്കി. തെരഞ്ഞെടുപ്പ് ചുമതലയുള്ളതിനാല്‍ കൂടുതല്‍ പൊലീസുകാരെ ഈ സ്ഥലത്ത് വിന്യസിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സിസിടിവി ഇല്ലാത്ത ഭാഗം നോക്കിയാണ് സംഘങ്ങള്‍ ഒത്തുചേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page