കാസര്‍കോട്: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ഥി ഫര്‍ഹാസ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കേസില്‍ പ്രതികളായ പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിക്കും നഷ്ടപരിഹാരത്തിനും മാതാവ് സഫിയ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സംഭവത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.
അംഗടിമൊഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി കുമ്പള പേരാല്‍ കണ്ണൂരിലെ ഫര്‍ഹാസാണ് (17) അപകടത്തില്‍ മരിച്ചത്. ആഗസ്ത് 25ന് സ്‌കൂളിലെ ഓണാഘോഷ പരിപാടിക്കിടെ പുറത്ത് കാറില്‍ ഇരിക്കുമ്പോഴാണ് കുമ്പള പൊലീസ് പിന്തുടര്‍ന്നെത്തിയത്. കാറിന്റെ ഡോറില്‍ ഇടിച്ചു പൊലീസ് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ കാര്‍ ഓടിച്ചുപോകുന്നതിനിടെ പൊലീസ് ഫര്‍ഹാസിനെ പിന്തുടര്‍ന്നു. കാര്‍ നിര്‍ത്താന്‍ കൈകാണിച്ചെങ്കിലും നിര്‍ത്തിയിരുന്നില്ല. അമിത വേഗതയില്‍ സഞ്ചരിക്കുകയായിരുന്ന കാര്‍ പിന്നീട് മറിയുകയായിരുന്നു. പരിക്കേറ്റ ഫര്‍ഹാസിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും 29 ന് മരണപ്പെട്ടു. മാതാവ് നല്‍കിയ പരാതിയില്‍ കഴിഞ്ഞമാസം കോടതി നേരിട്ട് മൊഴി രേഖപ്പെടുത്തിയിരുന്നു. പൊലീസുകാരുടെ ഭാഗത്ത് വീഴ്ച കണ്ടെത്തുകയും എസ്.ഐക്കും രണ്ട് പൊലീസ് സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ നരഹത്യയ്ക്ക് കേസെടുത്തിരുന്നു. മൂന്ന് ദൃക്‌സാക്ഷികളില്‍ നിന്ന് മൊഴിയും ശേഖരിച്ചിരുന്നു.
