റാഞ്ചി: ഝാര്‍ഖണ്ഡ് എലിക്ക് ഭക്ഷിക്കാന്‍ മാരക ലഹരി മരുന്നുകളായ ഭാംഗും കഞ്ചാവും മതിയെന്ന സ്ഥിതിയായിരിക്കുകയാണെന്ന് പൊലീസ് പറയുന്നു. മയക്കുമരുന്നുകളുമായി പൊലീസ് പിടികൂടിയ പ്രതികള്‍ക്കൊപ്പം പിടിച്ചെടുത്ത 10 കിലോ ഭാംഗും 9 കിലോ കഞ്ചാവും ഒരു പൊടി പോലും ബാക്കി വെക്കാതെ എലി തിന്നുവെന്നു പൊലീസ് കണ്ടെത്തി. തൊണ്ടി സാധനങ്ങള്‍ അതീവ ബന്തവസോടെ പൊലീസ് സ്റ്റേഷനിലെ സ്റ്റോറില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചതായിരുന്നു. കഞ്ചാവിലെ ലഹരിയുടെ സത്തെടുത്താണ് ഭാംഗു ഉണ്ടാക്കുന്നത്. 2018 ഡിസംബറില്‍ ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്നും ശംഭു പ്രസാദ് അഗര്‍വാള്‍, അയാളുടെ മകന്‍ എന്നിവരെയാണ് മയക്കുമരുന്നുമായി പൊലീസ് അറസ്റ്റു ചെയ്തത്. ഈ കേസിന്റെ വിചാരണയ്ക്കിടയില്‍ തൊണ്ടി മുതല്‍ കോടതിയില്‍ ഹാജരാക്കാന്‍ നോക്കിയപ്പോഴാണ് കഞ്ചാവും ഭാംഗും അതു വച്ചിരുന്ന സഞ്ചിയും കാണാതായത്. അവയെല്ലാം എലി ഭക്ഷിച്ചത് തന്നെയാണെന്ന് പൊലീസ് അന്വേഷിച്ചു കണ്ടെത്തിയതാണെന്നാണ് ശ്രുതി. എന്നാല്‍ തൊണ്ടി മുതല്‍ ഹാജരാക്കാന്‍ സെഷന്‍സ് കോടതി പൊലീസിനോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
