കുമ്പളയില്‍ വീണ്ടും കവര്‍ച്ച: വീട്ടുകാര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കു പോയ നേരത്ത് വീട്ടില്‍ നിന്നു 5 പവനും 10,000 രൂപയും മോഷണം പോയി

കാസര്‍കോട്: കുമ്പളയില്‍ വീണ്ടും കവര്‍ച്ച. വീട്ടുകാര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കു പോയ തക്കത്തില്‍ വാതില്‍ കുത്തി തുറന്നു അകത്തു കടന്ന മോഷ്ടാക്കള്‍ അഞ്ചുപവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല 10,000 രൂപയും മോഷ്ടിച്ചു. ആരിക്കാടിയിലെ പ്രവാസി സിദ്ദീഖിന്റെ വീട്ടില്‍ ശനിയാഴ്ച രാത്രിയാണ് കവര്‍ച്ച. സിദ്ദീഖിന്റെ ഭാര്യ നൂരിയയും മൂന്നു മക്കളുമാണ് ഇരുനിലവീട്ടില്‍ താമസം. ഇന്നലെ രാത്രി ഇവരെല്ലാം വീടുപൂട്ടി ആരിക്കാടിയിലെ സലഫി പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കു പോയതായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്താണ് കവര്‍ച്ചക്കാര്‍ അകത്തു കടന്നത്. രണ്ടു അലമാരകളിലെ തുണിത്തരങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒരു മാസത്തിനുള്ളില്‍ ചെറുതും വലുതുമായി നിരവധി കവര്‍ച്ചകളാണ് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്നത്. എന്നാല്‍ ഒരു കേസിനു പോലും തുമ്പുണ്ടാക്കാനായിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page