കാസര്‍കോട്: മാര്‍ച്ച് 27ന് ഉച്ചക്ക് ഉപ്പളയില്‍ എ.ടി.എമ്മില്‍ നിറക്കാന്‍ പണവുമായെത്തിയ വാഹനത്തിന്റെ ചില്ലു തകര്‍ത്ത് അരക്കോടി രൂപ കൈക്കലാക്കിയത് കുപ്രസിദ്ധ കവര്‍ച്ചാ കൊള്ളസംഘമായ തിരുട്ടു സംഘമാണെന്നു സ്ഥിരീകരിച്ചു. ഉപ്പളയിലും തലേനാള്‍ മംഗളൂരുവിലും തൊട്ടടുത്ത ദിവസം ബംഗളൂരുവിന് സമീപത്തും നടന്ന സമാന സംഭവങ്ങള്‍ വിശകലനം നടത്തിയാണ് അന്വേഷണസംഘം ഇത്തരമൊരു നിഗമനത്തിലെത്തിയത്. തമിഴ്നാട്, തൃശ്ശിനാപ്പള്ളിയിലെ കുപ്രസിദ്ധമായ തിരുട്ടുഗ്രാമം കേന്ദ്രീകരിച്ച് കൊള്ളയും കവര്‍ച്ചയുമായി കഴിയുന്നവരാണ് തിരുട്ടു സംഘം എന്ന പേരില്‍ കുപ്രസിദ്ധരായ സംഘം. ഉപ്പള സംഭവത്തിനു ശേഷം പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊള്ളയും കവര്‍ച്ചയും നടത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച 30 അംഗ തിരുട്ടുസംഘം കാസര്‍കോട് ജില്ലയുടെ വടക്കന്‍ പ്രദേശങ്ങളിലും ദക്ഷിണ കര്‍ണ്ണാടകയിലും തമ്പടിച്ചിട്ടുള്ളതായാണ് പൊലീസിന് ലഭിച്ച വിവരം. ഒരിടത്തു ആക്ഷന്‍ നടത്തിക്കഴിഞ്ഞാല്‍ സമയം ഒട്ടും പാഴാക്കാതെ മറ്റൊരിടത്തേക്ക് പലായനം ചെയ്യുന്നതാണ് തിരുട്ടു സംഘത്തിന്റെ രീതിയെന്നും ഒരിക്കലും സംഘം ഒരിടത്തു തന്നെ തങ്ങുകയില്ലയെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളതായി ഉന്നത പൊലീസ് വൃത്തങ്ങല്‍ വ്യക്തമാക്കി. ഉപ്പളയിലെ കവര്‍ച്ചക്കു പിന്നില്‍ തിരുട്ടു സംഘമാണെന്നു സ്ഥിരീകരിച്ചതല്ലാതെ സംഘാംഗങ്ങളില്‍ ആരെയും കണ്ടെത്താനാകാത്തത് അന്വേഷണത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എങ്കിലും ആശ കൈവിടാതെ പ്രത്യേക അന്വേഷണ സംഘാംഗങ്ങള്‍ തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും അന്വേഷണം തുടരുകയാണ്.
