ജീവനെടുത്തത് പുതിയ വീട്ടിൽ താമസം ആരംഭിച്ച് ഏഴാം നാൾ; കൊല്ലപ്പെട്ട ടിടിഇ വിനോദിന്റെ പോസ്‌റ്റുമോർട്ടം ഇന്ന്

കൊല്ലപ്പെട്ട ടിടിഇ വിനോദിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്. തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടക്കുക. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അറസ്റ്റിലായ പ്രതി രജനീകാന്തയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ചൊവ്വാഴ്ച രാത്രി പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ പ്രതിയെ തൃശ്ശൂരില്‍ കൊണ്ടുവന്നിട്ടുണ്ട്. ഇന്നലെ രാത്രി എഴരയോടെയാണ് എറണാകുളം-പാട്‌ന എക്‌സ്പ്രസില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത പ്രതി രജനികാന്ത് ടിടിഇ വിനോദിനെ ട്രെയിനില്‍ നിന്ന് തള്ളി താഴെയിട്ടത്. പാളത്തില്‍ വീണ വിനോദിന്റെ ശരീരത്തിലൂടെ പിന്നീട് വന്ന ട്രെയിന്‍ കയറുകയായിരുന്നു. അച്ഛന്റെ മരണത്തെ തുടര്‍ന്നാണ് വിനോദിന് റെയില്‍വേയില്‍ ജോലി ലഭിച്ചത്. ഏറെ കാത്തിരുന്ന് നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശം നടത്തി ഏറെ നാള്‍ കഴിയും മുമ്പാണ് ദാരുണ സംഭവം.
എറണാകുളം മഞ്ഞുമ്മലില്‍ പുതിയ വീട്ടില്‍ താമസം തുടങ്ങിയത് കഴിഞ്ഞ മാസം 27നാണ്. അപ്രതീക്ഷിത ദുരന്തത്തെ പറ്റി ഒന്നും അറിയുന്നുണ്ടായിരുന്നില്ല അമ്മ. റെയില്‍വേ ജീവനക്കാരെത്തി സൂചന നല്‍കിയപ്പോഴാണ് മകന്‍ മരിച്ച വിവരം അറിയുന്നത്. എല്ലാവരുമായും നല്ല രീതിയില്‍ ഇടപഴകിയിരുന്ന വിനോദിന്റെ മരണം അമ്മയെ തളര്‍ത്തി. ട്രെയിനില്‍ 1000 രൂപ പിഴയടക്കാന്‍ ടിടിഇ ആവശ്യപ്പെട്ടപ്പോഴാണ് ഒഡീഷ സ്വദേശി പ്രകോപിതനായത്. പിഴയടക്കാന്‍ പറഞ്ഞപ്പോള്‍ ടിടിഇയുടെ വീട്ടുകാരെയും അമ്മയെയും സഹോദരിയെയുമടക്കം ഹിന്ദിയില്‍ ചീത്ത വിളിച്ചു. അമിതമായി മദ്യപിച്ചാണ് അയാള്‍ ട്രെയിനില്‍ കയറിയത്. ഇതോടെ ടിടിഇ പൊലീസിനെ വിളിക്കുകയായിരുന്നു. റെയില്‍വേയിലെ ജോലി വിനോദിന് ഉപജീവനമായിരുന്നു. സിനിമയിലെ അഭിനയം സ്വപ്നവും. കൊല്ലപ്പെട്ട വിനോദ് നാല്‍പതോളം സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഗ്യാങ്സ്റ്റര്‍, വില്ലാളിവീരന്‍, പുലിമുരുകന്‍, ഒപ്പം, വിക്രമാദിത്യന്‍, ഹൗ ഓള്‍ഡ് ആര്‍ യു, എന്നും എപ്പോഴും, പെരുച്ചാഴി തുടങ്ങിയ സിനിമകള്‍ ഇതില്‍ ചിലതാണ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page