ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹം ഇന്ന് നടക്കും; ‘ശരത് ലാലും കൃപേഷും മുന്നില്‍ നിന്ന് നടത്തേണ്ട മംഗളകര്‍മമായിരുന്നു’; വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ച് വി.ഡി. സതീശന്റെ കുറിപ്പ്

കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹ വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹമാണ് ഇന്ന്. കൃപേഷും ശരത് ലാലും മുന്നില്‍ നിന്ന് നടത്തേണ്ട മംഗളകര്‍മ്മമായിരുന്നു എന്ന് തുടങ്ങുന്ന കുറിപ്പില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമാണ് സതീശന്‍ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അമൃതയുടെ വീട്ടിലെത്തി അനുഗ്രഹിച്ചിരുന്നു. കല്യോട്ട് കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹം ഇന്ന് ചെമ്മട്ടംവയല്‍ പലേഡിയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രാവിലെ 11 നും 11.40 നുമിടയിലുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹ ചടങ്ങ്. കല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ കാഞ്ഞങ്ങാട് എത്തും. കല്യോട്ടെ സത്യനാരായണന്റെയും ലതയുടെയും മകളാണ് അമൃത. ബന്തടുക്ക മാണിമൂലയിലെ നാരായണന്‍ മണിയാണിയുടെയും നാരായണിയുടെയും മകന്‍ മുകേഷാണ് അമൃതയുടെ വരന്‍.

പ്രതിപക്ഷ നേതാവിന്റെ കുറിപ്പ്

ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹമാണ് നാളെ. കൃപേഷും ശരത് ലാലും മുന്നില്‍ നിന്ന് നടത്തേണ്ട മംഗളകര്‍മ്മമായിരുന്നു.
ആ സന്തോഷവും നിറവും കെടുത്തിയത് സി.പി.എമ്മാണ്. മനസാക്ഷിയുള്ളവര്‍ അത് മറക്കില്ല… പൊറുക്കില്ല…

അമൃത; നേരിട്ട് അറിയുന്നതും അറിയാത്തതുമായ എത്രയോ പേരുടെ സഹോദരിയും മകളുമാണവള്‍.

നാളെത്തെ ദിവസം അമൃതയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാകട്ടെ…
വരും നാളുകളെല്ലാം നന്‍മയും സന്തോഷവും നിറഞ്ഞതാകട്ടെ…
പ്രിയപ്പെട്ട മകള്‍ക്ക് വിവാഹ മംഗളാശംസകള്‍.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page