14 കാരിയെ കടത്തിക്കൊണ്ടുപോയ ബംഗ്ലാദേശ് സ്വദേശി പൊലീസിന്റെ പിടിയില്‍. ഇരുപതുകാരനായ മുഷ്താഖ് അഹമ്മദാണ് പിടിയിലായത്. മറയൂരില്‍ നിന്നാണ് ഇയാള്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ ഇയാള്‍ക്കൊപ്പം കണ്ടെത്തി. മറയൂരില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയുടെ മകളെയാണ് യുവാവ് തട്ടിക്കൊണ്ടുപോയത്. 2023 നവംബര്‍ 15നാണ് ടൂറിസം വിസയില്‍ യുവാവ് ഇന്ത്യയില്‍ എത്തിയത്. സമൂഹമാധ്യമത്തിലൂടെ പെണ്‍കുട്ടിയുടെ അച്ഛനുമായി പരിചയത്തിലാവുകയായിരുന്നു. പിന്നീട് പ്രതി മറയൂരില്‍ എത്തുകയും ഇവര്‍ക്കൊപ്പം താമസമാവുകയുമായിരുന്നു. ഇതിനിടെ വിസ കാലാവധി കഴിഞ്ഞെങ്കിലും മടങ്ങി പോകാതെ കേരളത്തില്‍ തുടര്‍ന്നു. കോയമ്പത്തൂരില്‍ നിന്ന് സിലിഗുണ്ടിയില്‍ എത്തിയ യുവാവും പെണ്‍കുട്ടിയും കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ചില സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ പിടികൂടി ഇവരെ പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഈ വിവരം മറയൂര്‍ പൊലീസിനു കൈമാറി. പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിച്ചു.