ആദ്യം അനില്‍ കെ ആന്റണിയെ എതിര്‍ത്തു; എന്‍ഡിഎ സ്ഥാനാര്‍ഥിക്കു തെഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള പണം നല്‍കി പി.സി.ജോര്‍ജ്

പത്തനംതിട്ട: ലോകസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു കെട്ടിവയ്ക്കാനുള്ള പണം നല്‍കി പി.സി.ജോര്‍ജ്.
എന്‍ഡിഎ പത്തനം തിട്ട പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ വേദിയില്‍ വച്ചാണ് പണം കൈമാറിയത്.
അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ജോര്‍ജ് പത്തനംതിട്ട മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ബിജെപി കേന്ദ്ര നേതൃത്വം ജോര്‍ജിനെ തഴഞ്ഞ് അനിലിന് സീറ്റ് നല്‍കുകയായിരുന്നു.
സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ അനിലിനെതിരേ ജോര്‍ജ് രംഗത്തെത്തുകയും ചെയ്തിരുന്നു. അനില്‍ ആന്റണിക്ക് കേരളവുമായി ഒരു ബന്ധവുമില്ലെന്നും സ്ഥാനാര്‍ഥി ആരാണെന്ന് ജനങ്ങളെ പരിചയപ്പെടുത്തേണ്ട ഗതികേടിലാണ് പത്തനംതിട്ടയിലെ ബിജെപി നേതാക്കളെന്നും പിസി ജോര്‍ജ് പരിഹസിച്ചിരുന്നു. പിന്നീട് നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ച ശേഷം അനില്‍ ആന്റണി ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി ജോര്‍ജിനെ കണ്ടിരുന്നു. മധുരം നല്‍കിയാണ് പി സി ജോര്‍ജ് അനില്‍ ആന്റണിയെ സ്വീകരിച്ചത്.ബിജെപി ദേശീയ വക്താവ് പ്രകാശ് ജാവദേക്കറാണ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, സം സ്ഥാന സെക്രട്ടറി കരമന ജയന്‍, സംസ്ഥാന വൈസ് പ്രസിഡന്റ ഡോ.ജെ.പമീളദേവി, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, സംസ്ഥാന സെല്‍
കണ്‍വീനര്‍ അശോകന്‍ കുളനട, കോട്ടയം ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ് തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page