ചില നഗരവാര്‍ത്തകള്‍

ഇങ്ങനെ പറഞ്ഞാല്‍ എങ്ങനെ? ഞങ്ങള്‍ക്കും ജീവിക്കണ്ടേ?
അവരുടെ ചോദ്യം ന്യായമാണ്. എല്ലാവര്‍ക്കും ജീവിക്കണം. ഭരണഘടനാദത്തമായ അവകാശമാണ് അത്. ജീവിക്കാനുള്ള അവകാശം. അന്തസ്സോടെ, ആത്മാഭിമാനത്തോടെ ജീവിക്കണം. അതില്‍ ഇടപെടരുത്; തടസ്സപ്പെടുത്തരുത്. നമ്മുടെ നഗരത്തിലെ തെരുവ് കച്ചവടക്കാര്‍ പറയുന്നു. ഉത്സവകാലത്ത് നഗരത്തില്‍ തിരക്ക് പൂര്‍വ്വാധികം വര്‍ധിക്കും. അതൊരു പുതിയ കാര്യമല്ല. ഇവിടെ മാത്രം കാണുന്ന വിശേഷവുമല്ല. വ്യാപാരി-വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെടുന്നു. തെരുവ് കച്ചവടക്കാരെ നിയന്ത്രിച്ച് തിരക്ക് ഒഴിവാക്കണം എന്ന്. ചട്ടങ്ങള്‍ പാലിക്കാതെയും നിയമപ്രകാരം ആവശ്യമായിട്ടുള്ള രജിസ്‌ട്രേഷന്‍ നടത്താതെയും തെരുവുകളില്‍ വില്‍പ്പന നടത്തുന്നവരെ ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും ജിഎസ്ടി വകുപ്പിനും നിവേദനം നല്‍കിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സെക്രട്ടറിമാര്‍ക്ക് വേണ്ടത് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കിയതായി സമിതി ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നു (മാതൃഭൂമി 27-3-2024)
ഉത്സവ കാലമടുക്കുമ്പോള്‍ നല്ല വില്‍പ്പനയുണ്ടാകും. അത് ലക്ഷ്യമാക്കി തന്നെയാണ് കര്‍ഷകര്‍ പാടത്തിറങ്ങുന്നത്; കൈത്തൊഴില്‍കാരും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. പഴം, പച്ചക്കറി വിഭവങ്ങള്‍ ഒരു ഭാഗത്ത് നിന്ന്; തുണിത്തരങ്ങളും കൗതുകവസ്തുക്കളും ഗൃഹോപകരണങ്ങളും മറ്റും മറ്റൊരു ഭാഗത്ത് നിന്നും-നഗരത്തിലെത്തിക്കുന്നു. ഷോപ്പിംഗ് മാളുകളും, കടകളും അല്ല സാധാരണക്കാരെ കൂടുതലായി ആകര്‍ഷിക്കുക; തെരുവ്ചന്തകളാണ്. അവിടെ നിന്നും ആവശ്യമുള്ള സാധനങ്ങള്‍ വില പേശി വാങ്ങാന്‍ കഴിയും. അവര്‍ക്കാവശ്യമുള്ളതെല്ലാം അവിടെ സുലഭം. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ കച്ചവടം കുറഞ്ഞെന്നുവരും. തങ്ങളുടെ വയറ്റത്തടിക്കുന്ന തെരുവ് കച്ചവടക്കാരെ തുരത്തണം എന്ന് വ്യാപാരി-വ്യവസായികള്‍ ആവശ്യപ്പെടുന്നത് ഇത് കൊണ്ടാണ്.
ചട്ടങ്ങള്‍ പാലിക്കാതെയും നിയമപ്രകാരം ആവശ്യമായിട്ടുള്ള രജിസ്‌ട്രേഷന്‍ നടത്താതെയും വില്‍പ്പന നടത്തുന്നവരെ-എന്ന വാദം ന്യായമാണ്. ഇത് കേള്‍ക്കുമ്പോള്‍ത്തോന്നും ഇവര്‍ എല്ലാ ചട്ടങ്ങളും യഥാവിധി പാലിക്കുന്നവരാണ് എന്ന്; അനധികൃതമായി ഒന്നും ചെയ്യാത്തവരാണ് എന്ന് സര്‍വ്വീസ് റോഡിന് സമാന്തരമായിട്ടുള്ള കാല്‍നടപ്പാതയില്‍ സാധനങ്ങള്‍ നിരത്തി വെച്ച് സൈ്വരസഞ്ചാരം തടസ്സപ്പെടുത്തുന്നത് ശരിയല്ല. അത് ഒഴിവാക്കണമെന്ന് വ്യാപാരി സംഘടന ആവശ്യപ്പെടാറുണ്ടോ? ബസ് കാത്തുനില്‍പ് കേന്ദ്രത്തിലടക്കം കാണാം വില്‍പ്പന. കട തുറന്നാല്‍ പലതും എടുത്ത് നിരത്തുന്നത് നടപ്പാതയിലാണ്. നമ്മുടെ നഗരത്തിലെ പുലിക്കുന്ന് ജംഗ്ഷന്‍ മുതല്‍ പള്ളം ജംഗ്ഷന്‍ വരെ നടപ്പാത സ്ഥിരം വ്യാപാരപാതയാണ്. കാല്‍നടക്കാരുടെ പരാതിയില്‍ അധികാരികള്‍ എന്തെങ്കിലും ചെയ്താലോ? ഇടപെട്ടാലോ? സാധനങ്ങള്‍ നിരത്തിയിടാതെ ഒതുക്കി വെക്കണം എന്ന് പറഞ്ഞാല്‍? കച്ചവടക്കാരെ ദ്രോഹിക്കുന്നു എന്ന് പറഞ്ഞാല്‍? കച്ചവടക്കാരെ ദ്രോഹിക്കുന്നു എന്ന് പ്രതിഷേധിക്കും സമിതിക്കാര്‍. അവരെ പിന്തുണക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുമുണ്ടാകും. ജീവിക്കാന്‍ പാടുപെടുന്നവര്‍ക്ക് പെരുവഴി പോലുമില്ലാതാകും!
‘നഗരവിശേഷം’ മറ്റൊന്ന്-
നമ്മുടെ നഗരസഭാ കാര്യാലയ പരിസരത്ത് തന്നെ. വൈകുന്നേരം ഓഫീസ് അടച്ചു പൂട്ടി ജീവനക്കാര്‍ സ്ഥലം വിടും. അതാണല്ലോ നാട്ടുനടപ്പ്. കഴിഞ്ഞ 14-ാം തിയതിയും അത് തന്നെ നടന്നു. എന്നാല്‍ പിറ്റേന്ന് ഓഫീസിലെത്തിയപ്പോള്‍ കണ്ടത് ജനാലച്ചില്ലുകള്‍ പൊട്ടിത്തകര്‍ന്ന് ചിതറിക്കിടക്കുന്നത്- പൊതുമരാമത്ത് വകുപ്പ് വക പാലം, നിരത്ത്, ദേശീയ പാതാ ഉപവിഭാഗം ഓഫീസ് തെട്ടിടങ്ങളുടെ ജനാലച്ചില്ലുകള്‍.. ആരാണ് കല്ലെറിഞ്ഞത്? എന്തിന്? ‘കുട്ടിച്ചാത്തന്‍’ എന്ന് മാതൃഭൂമി റിപ്പോര്‍ട്ടര്‍. ചാത്തന്‍ എറിയുന്നത് ആരാണ് കണ്ടത്? ആരും കണ്ടിട്ടില്ല. അപ്പോഴാണല്ലോ ചാത്തനെ പ്രതിയാക്കുന്നത്. താനല്ല; താന്‍ അങ്ങോട്ട് പോയിട്ടേയില്ല എന്ന് ചാത്തന്‍ പറഞ്ഞാല്‍പ്പോര; പോയിട്ടില്ല എന്ന് തെളിവു കൊടുക്കണം. പോയി, കല്ലെറിഞ്ഞു എന്ന് ആരോപണമുന്നയിക്കുന്നവരല്ല തെളിവു നല്‍കേണ്ടത്, മറിച്ചാണത്രെ! പക്ഷെ, അത് ‘പ്രിവന്‍ഷന്‍ ഓഫ് മണിലോണ്‍ ഡറിങ്ങ് ആക്ട് പ്രകാരമുള്ള കേസിലല്ലേ? ഇവിടെ പ്രസക്തിയില്ലല്ലോ. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസല്ലല്ലോ.
കല്ലെറിഞ്ഞത് കുട്ടിച്ചാത്തന്‍ എന്ന് തെളിയിക്കേണ്ടത് റിപ്പോര്‍ട്ടറാണ്. അതിന് കഴിഞ്ഞില്ലെങ്കില്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യാന്‍ ചാത്തന്‍ വക്കീലിനെ സമീപിച്ചേക്കും! ചാത്തന്‍ നിസ്സാരക്കാരനല്ല. ഇത് പത്രത്തിലെ പരസ്യം ശ്രദ്ധിക്കുക. ചാത്തന്റെ അപാര സിദ്ധികളെക്കുറിച്ചാണ് പരസ്യം. ധനസമ്പാദ്യമോ, തൊഴിലഭിവൃദ്ധിയോ, കുടുംബഭദ്രതയോ എന്താണ് വേണ്ടത്? കുട്ടിച്ചാത്തന്‍ സാധിപ്പിച്ച് തരും. ‘ഷണ്‍മുഖ മഠ’ത്തിന്റെ നമ്പറില്‍ വിളിച്ച് കാര്യം പറയുക” നമ്പര്‍ പരസ്യത്തിലുണ്ട്. ഷണ്‍മുഖ മഠാധിപന് കുട്ടിച്ചാത്തന്റെ ഏജന്‍സിപ്പണി ഉണ്ടായിരിക്കും.
നമ്മുടെ നഗരസഭാ കാര്യാലയത്തിനടുത്തുള്ള പൊതുമരാമത്ത് ഓഫീസില്‍ നിന്ന് എന്തോ കാര്യം സാധിക്കാതെ വന്ന ആരെങ്കിലും കുട്ടിച്ചാത്തന്റെ സഹായം തേടിയതാണോ? പകരം വീട്ടാന്‍ ജനാലച്ചില്ല് കല്ലെറിഞ്ഞ് പൊട്ടിച്ചു; പൊലീസന്വേഷണം വേണ്ട, ചാത്തന്റെ കളിയാണ്! ഷണ്‍മുഖ മഠത്തില്‍ കുട്ടിച്ചാത്തനാണ് ഉദ്ദിഷ്ടകാര്യം സാധിപ്പിച്ചു കൊടുക്കുന്നതെങ്കില്‍ ‘കുണിയ’ യില്‍ ‘ജിന്ന്’ ആണ്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ പുളിമരത്തില്‍ നിന്ന് വീണു. പിച്ചും പേയും പറഞ്ഞു. പിന്നെ ‘ജിന്ന്’ ആയി. ചികിത്സ തുടങ്ങി. വ്യാഴാഴ്ചകളിലാണ് പ്രധാന ചികിത്സ. ജിന്നിന് ഏജന്റുമാരുണ്ട്. ഒരാള്‍ക്ക് അമ്പത് രൂപ കമ്മീഷന്‍. ജിന്നിന് വ്യാഴാഴ്ചകളിലെ ചികിത്സക്ക് ഒരു ലക്ഷം രൂപ കിട്ടും. (മാതൃഭൂമി 19.07.2024)
കുണിയയിലെ ജിന്ന് വ്യാജനാണ് എന്ന് ചിലര്‍ പറയുന്നു; ഒരു സമുദായത്തിലെ തര്‍ക്കമാണ് ആരോപണത്തിന്റെ പിന്നില്‍ എന്നും.
ഇതെല്ലാം വാര്‍ത്തയാക്കുമ്പോള്‍ സര്‍ക്കാരോഫീസുകള്‍ക്ക് നേരെ കല്ലേറുണ്ടായാല്‍ അതിന്റെ പിന്നില്‍ കുട്ടിച്ചാത്തനോ, ജിന്നോ എന്ന് ധരിക്കില്ലേ, മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page