നഗരത്തിലെ നെജാര്‍ ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ നാലുപേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രവീണ്‍ ചൗഗുലെ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഉഡുപ്പി രണ്ടാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി വീണ്ടും തള്ളി. മാര്‍ച്ച് 13 ന് പ്രവീണ്‍ ചൗഗുലെ രണ്ടാം തവണ ജാമ്യത്തിന് അപേക്ഷിച്ചു, മാര്‍ച്ച് 27 ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ശിവപ്രസാദ് ആല്‍വ ഈ അപേക്ഷയില്‍ എതിര്‍പ്പ് രേഖപ്പെടുത്തി. പ്രതികളുടെ അഭിഭാഷകന്‍ രാജേഷും സ്പെഷ്യല്‍ സര്‍ക്കാര്‍ പ്രോസിക്യൂട്ടറും തമ്മില്‍ വാദപ്രതിവാദങ്ങള്‍ നടന്നു. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷം ജഡ്ജി ദിനേശ് ഹെഗ്ഡെ ജാമ്യാപേക്ഷയില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. അറസ്റ്റിലായത് മുതല്‍ പ്രതി പ്രവീണ്‍ ജയിലില്‍ കഴിയുകയാണ്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 12 ന് രാവിലെ 8.30 മണിയോടെയാണ് കെമ്മണ്ണു ഹമ്ബന്‍കട്ടയിലെ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്‌നാന്‍ (23), എയര്‍ഇന്‍ഡ്യയിലെ എയര്‍ഹോസ്റ്റസ് ട്രെയിനി അയ്‌നാസ് (21), അസീം (12) എന്നിവര്‍ കൊല്ലപ്പെട്ടത്. വെറും 15 മിനിറ്റിനുള്ളിലാണ് നാല് പേരെയും കുത്തിക്കൊന്നത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഹസീനയുടെ ഭര്‍തൃമാതാവ് ഹാജറ (70) യ്ക്ക് പരുക്കേറ്റിരുന്നു. കൂട്ടക്കൊല നടത്തിയ പ്രതിയും എയര്‍ ഇന്‍ഡ്യയില്‍ കാബിന്‍ ക്രൂവുമായ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീണ്‍ അരുണ്‍ ചൗഗുലെയെ (39) നവംബര്‍ 15 ന് ബെല്‍ഗാമിലെ കുടച്ചിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. അയ്‌നാസിനോടുള്ള വ്യക്തി വിദ്വേഷമാണ് നാല് പേരുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍.