കിണർ നിർമ്മാണത്തിനിടെ തൊഴിലാളി കിണറിൽ വീണു; രക്ഷിക്കാൻ ഇറങ്ങിയ അയൽവാസിയും കുടുങ്ങി; ഒടുവിൽ രക്ഷകരായത് ഫയർഫോഴ്സ്

കാസർകോട്: കിണറിൽ വീണ തൊഴിലാളിയെ രക്ഷിക്കാനിറങ്ങിയ ആളും കിണറിൽ കുടുങ്ങി. ഒടുവിൽ രക്ഷകരായത് ഫയർ ഫോഴ്‌സ്. ഞായറാഴ്ച ഉച്ചയോടെ ബേഡകം വേലകുന്ന് വലിയ പാറയിലാണ് സംഭവം. പ്രദേശത്തെ പി.ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കിണർ നിർമ്മാണത്തിൽ ഏർപ്പെട്ട പ്രഭാകരൻ (47) ആണ് ജോലി കഴിഞ്ഞ് തിരികെ കയറുന്നതിനിടയിൽ വഴുതി കിണറിൽ വീണത്.
നട്ടെല്ലിനും തുടയെല്ലിനും സാരമായി പരിക്ക് പറ്റിയ പ്രഭാകരന് മുകളിലേക്ക് കയറാൻ പറ്റാതെയായി. ഇത് കണ്ട അയൽവാസി തുളസി രാജും( 38 ) രക്ഷപ്പെടുത്താനായി കിണറിൽ ഇറങ്ങി. പക്ഷേ ഇയാൾക്കും മുകളിലേക്ക് കയറാനായില്ല. വീട്ടുകാരുടെ വിവരത്തെ തുടർന്ന്
കുറ്റിക്കോലിൽ നിന്നെത്തിയ ഫയർഫോഴ്‌സാണ് ഇരുവരെയും പുറത്തെത്തിച്ചത്. സ്റ്റേഷൻ ഓഫീസർ ഷാജി ജോസഫിന്റെ നേതൃത്വത്തിൽ നെറ്റിൽ സ്ട്രച്ചർവച്ച് കിണറിൽ ഇറക്കുകയായിരുന്നു. കിണറിനു 24 കോൽ ആഴമുണ്ടായിരുന്ന കിണറിൽ നിന്ന് സാഹസപ്പെട്ടാണ് രണ്ടുപേരെയും പുറത്ത് എത്തിച്ചത്. പ്രസീദ്, ക്രിഷ്ണരാജ്, ഗോപാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. തുടയെല്ലിനും നട്ടെല്ലിലും പരിക്കേറ്റ പ്രഭാകരനെ അടിയന്തര ശസ്ത്രക്രിയക്കായി പരിയാരം മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയി. അപകട വിവരമറിഞ്ഞ് വൻജനക്കൂട്ടം സ്ഥലത്ത് തടിച്ചു കൂടിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page