ഏലിയാമ്മ എന്ന സ്‌നേഹമനസ്സിന്റെ ഉടമ

ഏലിയാമ്മ എന്ന സ്‌നേഹമനസ്സിന്റെ ഉടമ

കൂക്കാനം റഹ്‌മാന്‍

ഏലിയാമ്മ കുമ്പള കോയിപ്പാടിയില്‍ താമസിച്ചുവരുന്നു. എഴുപത് വയസ്സു പിന്നിട്ടു. മറ്റുള്ളവരുടെ വേദന സ്വന്തം വേദനയായി കാണുന്നു സ്‌നേഹമനസ്സിന്റെ ഉടമ. സ്വയം പട്ടിണി കിടന്നും, അയല്‍പക്കത്തുള്ളവരുടെ പട്ടിണിക്ക് പരിഹാരം കാണുന്ന കൃപയുള്ള അമ്മ’. ഇന്നും സ്വന്തമായൊരു കൂരയില്ല. വാടകയ്ക്കാണ് താമസം. സന്നദ്ധമായി സമൂഹ നന്മക്കായി പ്രവൃത്തിക്കും. എയ്ഡ്‌സ് രോഗികളെ കണ്ടെത്തി പരിചരിക്കാന്‍ നിരവധി വര്‍ഷക്കാലം പ്രവര്‍ത്തിച്ചു. അവശരെയും ആലംബഹീനരെയും അവര്‍ താമസിക്കുന്ന സ്ഥലത്ത് ചെന്ന് സമാശ്വസിപ്പിക്കാന്‍ പ്രത്യേക കഴിവാണ് ഏലിയാമ്മക്ക്. രോഗികളെ ആശുപത്രിയിലെത്തിക്കാനും അവര്‍ക്ക് മരുന്നു വാങ്ങിക്കൊടുക്കാനും സദാ സന്നദ്ധയാണ് ഏലിയാമ്മ. ഒരു പാട് ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ആരുടെ മുമ്പിലും അവര്‍ കൈ നീട്ടില്ല. പഞ്ചായത്തില്‍ നടക്കുന്ന വിവിധ ബോധവല്‍ക്കരണ ക്ലാസുകളിലും ഏലിയാമ്മയുടെ സാന്നിദ്ധ്യമുണ്ടാവും. നല്ല പാട്ടുകാരിയാണ്. ഏത് വേദിയില്‍ ചെന്നാലും തന്റെ കഴിവ് പ്രകടപ്പിച്ച് സഭാവാസികളുടെ കയ്യടി നേടും. നൃത്തം ചെയ്യാനും പ്രായം അവര്‍ക്ക് തടസ്സമല്ല. ചെറുപ്പക്കാരികളേയും കുട്ടികളേയും തന്നോടൊപ്പം നൃത്തം ചെയ്യാന്‍ അവര്‍ പ്രേരിപ്പിക്കും. ക്ലാസുകളിലും മറ്റും ലഭിക്കുന്ന ഇടവേളകളില്‍ പങ്കെടുക്കുന്നവരുടെ മടുപ്പു മാറ്റാന്‍ ഏലിയാമ്മയുടെ കലാപ്രകടനങ്ങള്‍ക്ക് സാധിക്കും. എനിക്ക് 2008 മുതല്‍ അവരെ പരിചയമുണ്ട്. എന്നും സന്തോഷവതിയായിട്ടേ അവരെ കാണാറുള്ളു. നിരവധി സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. അതൊക്കെ കൃത്യമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ചാണ് നേരിട്ടു കണ്ടാല്‍ സംസാരിക്കാറ്. ആരെയും കുറ്റപ്പെടുത്തി പറയുകയോ, പരാതി പറയുകയോ ചെയ്യാറില്ല. അവരുടെ താമസ സ്ഥലത്ത് പലപ്പോഴും ചെല്ലാറുണ്ട്. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചു വെക്കുന്നതില്‍ ശ്രദ്ധാലുവാണ് അവര്‍. പാവങ്ങളുടെ വീടുകളിലെല്ലാം അവര്‍ കയറിച്ചെല്ലും. അവരുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് തന്നാലാവും വിധം സഹായിക്കും. അവര്‍ക്ക് ലഭിക്കുന്ന റേഷന്‍ അരി പോലും കഞ്ഞി വെക്കാന്‍ വകയില്ലാത്തവര്‍ക്ക് നല്‍കും. അണ്‍ എയ്ഡഡ് കോളേജുകളിലും സ്‌കൂളുകളിലും ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിട്ടുണ്ട്. തൊഴിലുറപ്പ് പ്രവര്‍ത്തനത്തിനും ഹരിത കര്‍മ്മ സേവനത്തിനും പോകും. അതാണവരുടെ ജീവിതമാര്‍ഗം. ഭര്‍ത്താവ് രോഗിയാണ്. ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഒരു മകനേയുള്ളു. അവനെ കഷ്ടപ്പെട്ട് പഠിപ്പിച്ചു. എല്‍.എല്‍.ബി വരെ വിദ്യാഭ്യാസം നല്‍കി. പട്ടിണി കിടന്നു തന്നെയാണ് അവനെ പഠിപ്പിച്ചത്. അഭിമാനത്തോടെ മകന്റെ വിദ്യാഭ്യാസ കാര്യങ്ങളെ കുറിച്ച് അവര്‍ പറയുമായിരുന്നു. അവന്‍ എറണാകുളത്താണ് താമസം. ജോലിയൊന്നും കാര്യമായി ലഭിക്കാത്തതിനാല്‍ അമ്മയെ സഹായിക്കാന്‍ അവനാവുന്നില്ല. അതിനെക്കുറിച്ചൊന്നും ഏലിയാമ്മക്ക് പരിഭവമില്ല. എന്നെങ്കിലും ശരിയാകുമെന്നുള്ള പ്രതീക്ഷയിലാണവര്‍.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഏലിയാമ്മയെ നേരിട്ടു കാണാന്‍ പറ്റിയില്ല. അവരുടെ കൂടെ പ്രവര്‍ത്തിച്ചുവന്ന രമണിയാണ് ഏലിയാമ്മ ക്ഷീണിതയാണെന്ന വിവരം എന്ന അറിയിച്ചത്. മനസ്സില്‍ എന്നും നന്മ സൂക്ഷിക്കുന്ന, അശരണര്‍ക്കും അവഗണിക്കപ്പെടുന്നവര്‍ക്കും താങ്ങായി നിലകൊണ്ട ഏലിയാമ്മയെ നേരിട്ടു കാണണമെന്നു തോന്നി. ഇത്തരം വ്യക്തികളെ സമൂഹം കാണാതെ പോകുന്ന അവസ്ഥയാണ് ഇന്ന് എങ്ങും കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page