കാസര്‍കോട്: ട്രെയിന്‍ നിന്ന് വീണ് ഒഡീഷ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മംഗളൂരുവില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാരനായി ജോലിചെയ്യുന്ന ജോഷാപൂര്‍ സ്വദേശി ദൊബവിന്തോയുടെ മകന്‍ സുശാന്ത്(41) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. മംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ മെയില്‍ ട്രെയിനില്‍ നിന്നാണ് യുവാവ് വീണത്. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ കുപ്പിവെള്ളം വാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു സുശാന്ത്. ട്രെയിന്‍ വിട്ടപ്പോള്‍ ഓടിക്കയറുന്നതിനിടെ പ്ലാറ്റ്‌ഫോമിനും പാളത്തിനും ഇടയില്‍ വീഴുകയായിരുന്നു. ട്രെയിന്‍ കയറി മൃതദേഹം രണ്ടുഭാഗമായി ചിതറി ഛിന്നഭിന്നമായിരുന്നു. സംഭവം നേരില്‍ കണ്ട യാത്രക്കാര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു. മരിച്ച ആളുടെ പാന്റില്‍ നിന്ന് ലഭിച്ച പാന്‍കാര്‍ഡില്‍ നിന്നാണ് ആളെ കുറിച്ചുള്ള വിവരം ലഭിച്ചത്. പൊലീസെത്തി മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി. അതിനിടെ കുമ്പളയില്‍ വിദ്യാര്‍ഥിയും ട്രെയിനില്‍ നിന്ന് വീണതായി പൊലീസിന് വിവരം ലഭിച്ചു. ഇതേ ട്രെയിനില്‍ നിന്നാണ് വാതില്‍പടിയില്‍ നില്‍ക്കവേ വിദ്യാര്‍ഥി തെറിച്ചു പുറത്തേക്ക് വീണത്. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥികളാണ് പൊലീസിനെ ഇക്കാര്യം അറിയിച്ചത്. കാസര്‍കോടിനും കുമ്പളയ്ക്കും ഇടയിലാണ് വീണതെന്നാണ് വിവരം. ഇതേ തുടര്‍ന്ന് റെയില്‍വേ പൊലീസും നാട്ടുകാരും സംയുക്തമായി തെരച്ചില്‍ നടത്തിവരികയാണ്. തലശേരി സ്വദേശിയായ 19 കാരനാണ് വീണതെന്നാണ് വിവരം.
![](https://malayalam.karavaldaily.com/wp-content/uploads/2025/01/madhu-lotteries.jpg)