കാസർകോട്: ട്രെയിനിൽ നിന്ന് തെറിച്ചുവീണ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കൂത്തുപറമ്പ് സ്വദേശി റാഫിയുടെ മകൻ അബ്ദുൽ റനീം (19) ആണ് മരിച്ചത്. മംഗളുരു പി എ കോളേജിലെ എൻജിനീയറിങ് വിദ്യാർത്ഥിയാണ്. വ്യാഴാഴ്ച രാത്രി ഏഴര മണിയോടെ കാസർകോടിനും കുമ്പളയ്ക്കും ഇടയിൽ കല്ലങ്കൈയിൽ റെയിൽ പാളത്തിന് സമീപത്തുള്ള കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മംഗളൂരു ചെന്നൈ മെയിൽ ട്രെയിനിൽ നിന്ന് വിദ്യാർഥി തെറിച്ചു വീണത്. കുമ്പള റെയിൽവേ സ്റ്റേഷൻ പിന്നിട്ടപ്പോഴാണ് സംഭവം. ഒപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥികൾ മറ്റുയാത്രക്കാരെയും പൊലീസിനെയും അറിയിച്ചു. കാസർകോട് റെയിൽവേ പൊലീസും ആർ പി എഫും, കുമ്പള പൊലീസും നാട്ടുകാരും വിദ്യാർത്ഥികളും സംയുക്തമായി തിരച്ചിൽ ആരംഭിച്ചു. സന്ധ്യയ്ക്ക് 7.30 മണിയോടെ ചൗക്കി കല്ലങ്കൈയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വിവരം അറിഞ്ഞു വിദ്യാർഥിയുടെ വീട്ടുകാർ കാസർകോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഇതേ ട്രെയിനിൽ നിന്ന് വീണ് ഒഡീഷ സ്വദേശിയായ യുവാവും മരിച്ചിരുന്നു. മംഗളൂരുവിൽ പെട്രോൾ പമ്പിൽ ജോലിക്കാരനായ സുശാന്ത് (41) ആണ് മരിച്ചത്. കാസർകോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ വെള്ളം വാങ്ങാനായി പുറത്തിറങ്ങിയ സുശാന്ത്, ട്രെയിനിൽ ഓടിക്കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിൽ പെട്ട് പാളത്തിലേക്ക് വീഴുകയായിരുന്നു. യുവാവിൻ്റെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
