സംവിധായകന്‍ ലോകേഷ് കനകരാജും ശ്രുതി ഹാസനും പ്രണയജോഡികളായെത്തുന്ന ‘ഇനിമേല്‍’ എന്ന മ്യൂസിക് വീഡിയോ പുറത്തിറങ്ങി. കമല്‍ ഹാസൻ ഗാനരചന നിര്‍വഹിച്ചിരിക്കുന്ന ‘ഇനിമേലി’ന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ശ്രുതി ഹാസനാണ്.
കമല്‍ ഹാസന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഇന്റര്‍നാഷണലാണ് വീഡിയോ നിർമിച്ചിരിക്കുന്നത്. ദ്വാരകേഷ് പ്രഭാകറാണ് സംവിധാനം. രണ്ട് പേര്‍ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും വിവാഹം ചെയ്യുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് മ്യൂസിക് വീഡിയോയുടെ പ്രമേയം. 2022-ല്‍ കമല്‍ ഹാസനെ നായകനാക്കി ‘വിക്രം’ എന്ന ചിത്രം ലോകേഷ് ഒരുക്കിയിരുന്നു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില്‍ പെടുന്ന ചിത്രം ബോക്സോഫീസില്‍ വലിയ വിജയം നേടിയിരുന്നു. ഫഹദ് ഫാസില്‍, വിജയ് സേതുപതി, ഗായത്രി ശങ്കര്‍, ചെമ്പന്‍ വിനോദ്, നരേന്‍, കാളിദാസ് ജയറാം തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന സിനിമയിൽ സൂര്യയുടെ റോളക്സ് എന്ന അതിഥി കഥാപാത്രവും വലിയ ശ്രദ്ധനേടിയിരുന്നു. രാജ് കമല്‍ ഫിലിംസ് നിര്‍മിച്ച ‘വിക്രം’ 600 കോടിയാണ് ബോക്സ് ഓഫീസില്‍ നേടിയത്.
