ബ്രസീലിലെ മുന്‍ പ്രസിഡണ്ട്, ബൊല്‍ സൊനാരോ ശിക്ഷാര്‍ഹമായ ഒരു കുറ്റം ചെയ്തുവെന്ന് പൊലീസ്. വ്യാജരേഖയുണ്ടാക്കി തെറ്റിദ്ധരിപ്പിച്ചു പോലും. താന്‍ കോവിഡ് വാക്‌സിന്‍ എടുത്തിട്ടില്ല; എടുക്കാന്‍ ഉദ്ദേശിക്കുന്നുമില്ല എന്ന് പറഞ്ഞു. എന്നാല്‍, അദ്ദേഹം 2022 ജൂലൈ മാസത്തില്‍ വാക്‌സിനെടുത്തതായി തെളിവുണ്ട്. പൊതുജനാരോഗ്യ വകുപ്പിന്റെ വിവര ശേഖരത്തില്‍ കണ്ടെത്തിയതാണ്. ഇത് വ്യാജമായി ഉണ്ടാക്കിയ രേഖയാണ് എന്ന് കണ്‍ട്രോള്‍ ജനറലിന്റെ ഓഫീസ് സ്ഥിരീകരിച്ചു. വ്യാജരേഖയുണ്ടാക്കി എന്നതാണ് കുറ്റം. തെറ്റ് ചെയ്ത മുന്‍ പ്രസിഡണ്ടിന്റെ പേരില്‍ കേസെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് അറ്റോര്‍ണി ജനറലിന്റെ ഓഫീസാണ്. എന്ത് നടക്കും എന്ന് കാത്തിരുന്ന് കാണാം. വാര്‍ത്തയില്‍ വ്യക്തമല്ലാത്ത ഒന്നുണ്ട്: ബൊല്‍സൊനാരോ വാക്‌സിന്‍ വിരോധിയാണത്രെ. എന്നിട്ടും, താന്‍ വാക്‌സിന്‍ എടുത്തതായി എന്തിന് വ്യാജരേഖയുണ്ടാക്കി?
ഇത് ബ്രസീലില്‍ നടന്നത്. ഇന്ത്യയില്‍ മുമ്പ് നടന്ന ഒരു ‘വ്യാജ വിളയാട്ടത്തിന്റെ’ കഥ പറയാം: സാങ്കല്‍പിക കഥയല്ല, യഥാര്‍ത്ഥ സംഭവം.
വ്യാജരേഖകളുടെ ബലത്തില്‍ ഒരാള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് എം.പിയായി. തുടര്‍ച്ചയായി മൂന്നു പ്രാവശ്യം. ഊരും പേരും മാത്രമല്ല, ജനനത്തീയതിയും വ്യാജമായിരുന്നു. റിട്ടേണിംഗ് ഓഫീസര്‍ സമക്ഷം സമര്‍പ്പിച്ച പൗരാവകാശ രേഖ വ്യാജമായിരുന്നു. ഇന്ത്യന്‍ പൗരനല്ലാത്ത വ്യക്തി. പില്‍കാലത്ത് നടന്ന അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍: ആസാമിലെ തേസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് 1998ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച മോണികുമാര്‍ സുബ്ബ അടുത്ത തിരഞ്ഞെടുപ്പിലും ജയിച്ചു. മൂന്നു തവണ. 2009 വരെ തുടര്‍ന്നു.
ഇതിനിടയില്‍, 2005ല്‍ നോയ്ഡയിലെ ബീരേന്ദ്രസിംഗ്, സുബ്ബയുടെ പേരില്‍ ഒരു പൊതു താല്‍പര്യഹര്‍ജിയുമായി കോടതിയെ സമീപിച്ചു.
നോയ്ഡയിലെ ഒരു ഫാംഹൗസില്‍ വെച്ച് ഒരു യുവതിയെ ബലാത്സംഗം ചെയ്തു എന്ന് ആരോപണം. പൊലീസ് അന്വേഷണം നടക്കുമ്പോള്‍ സുബ്ബ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. പരാതിക്കാരന്‍ അപ്പീലുമായി മേല്‍കോടതിയെ സമീപിച്ചു. സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സുബ്ബ ഇന്ത്യന്‍ പൗരനല്ല; നേപ്പാളിയാണ്. അവിടെ ഒരു കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടയില്‍ കാവല്‍ക്കാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു; അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി. വ്യാജ പൗരത്വ രേഖയുണ്ടാക്കി. ആസാമില്‍ ലോട്ടറിക്കച്ചവടം നടത്തി. ലോട്ടറി രാജാവായി. ഇതോടൊപ്പം രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് നേതാവായി. ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചു.
സ്ഥാനാര്‍ത്ഥിയാകുന്നതിന് വേണ്ടി വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കി; 16.3.1951ല്‍ തേജ്പൂരില്‍ ജനിച്ചു എന്ന്. സാര്‍ജിലിംഗിലെ ദേബ് ഗ്രാമിലാണ് ജനിച്ചത്. 16.3.1958ല്‍ എന്ന് മറ്റൊരു രേഖ. മോനിരാജ് ലിംബോ എന്നൊരു പേരും. രണ്ടും ഒരാള്‍ തന്നെ എന്ന് ഒരു സാക്ഷ്യപത്രം. ”സംശയാസ്പദം സാക്ഷ്യപത്രം” (ഡൗട്ട്ഫുള്‍ സര്‍ട്ടിഫിക്കറ്റ്‌സ്) എന്ന് കോടതി.
1970ല്‍ നേപാളില്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടതായി സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. ലോക്‌സഭാംഗമായിരിക്കാന്‍ അയോഗ്യനാണെന്ന് പ്രഖ്യാപിച്ച് പുറത്താക്കണമെന്ന് ഹര്‍ജിക്കാരന്‍ അഭ്യര്‍ത്ഥിച്ചത് സാങ്കേതിക പ്രശ്‌നം പറഞ്ഞ് സുപ്രിം കോടതി നിരാകരിച്ചു. ലോക്‌സഭയിലേക്ക് നിയമാനുസൃതം തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയെ പുറത്താക്കാന്‍ കോടതിക്ക് അധികാരമില്ലത്രെ. തിരഞ്ഞെടുപ്പില്‍ ജയിച്ചതായി വരണാധികാരിയുടെ സാക്ഷ്യപത്രവുമായി സമീപിക്കുന്ന വ്യക്തിയെ സ്പീക്കര്‍ സത്യവാചകം ചൊല്ലിച്ച് അംഗമാക്കണം. അംഗത്തിന്റെ പേരില്‍ എന്തെങ്കിലും നടപടിയെടുക്കാനുള്ള അധികാരം സ്പീക്കര്‍ക്കാണ്. സ്പീക്കറെ നിര്‍ബന്ധിക്കാന്‍ പാടില്ല. സ്വയം ബോധ്യപ്പെട്ടാല്‍ ഉചിതമായ നടപടി കൈക്കൊള്ളും. നിയമം അനുശാസിക്കുന്നത് അതാണ്.
2019 മെയ് 27-ാം തിയതി മോണികുമാര്‍ സുബ്ബ മരിച്ചു. അതോടെ പ്രശ്‌നം അവസാനിച്ചു. നമ്മുടെ തിരഞ്ഞെടുപ്പ് നിയമങ്ങളുടെ പരിമിതിയാണോ ഇത് കാണിക്കുന്നത്? പാര്‍ലമെന്ററി ചട്ടങ്ങളുടെ പോരായ്മയോ? അത്യുന്നത നീതിന്യായ പീഠമായ സുപ്രിം കോടതി പറയുന്നു, തിരഞ്ഞെടുക്കപ്പെട്ടു സത്യ പ്രതിജ്ഞ ചെയ്തു കഴിഞ്ഞാല്‍പ്പിന്നെ സര്‍വ്വാധികാരി സഭാധ്യക്ഷന്‍-സ്പീക്കര്‍. ഭൂരിപക്ഷമുള്ള കക്ഷിയുടെ പ്രതിനിധിയാണ് സ്പീക്കര്‍. ശേഷം ചിന്ത്യം!
‘വിരുതന്‍ സുബ്ബ’മാര്‍ വേറെയും? എന്നെങ്കിലും അറിയാം.
