ന്യൂദെല്‍ഹി: ഉത്തര്‍പ്രദേശില്‍ മൊബൈല്‍ഫോണ്‍ ചാര്‍ജ്ജറില്‍ നിന്ന് തീ പടര്‍ന്നു ഉറങ്ങിക്കിടന്നിരുന്ന നാലു കുട്ടികള്‍ വെന്തു മരിച്ചു. ചാര്‍ജ്ജറില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് ദുരന്തത്തിനു കാരണമായതെന്നാണ് പ്രാഥമിക സംശയം. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മാതാപിതാക്കള്‍ക്കും പൊള്ളലേറ്റു. മീററ്റിനു സമീപത്തെ ജോണി-ബബിത ദമ്പതികളുടെ മക്കളായ സരിക (12), നിഹാരിക (8), ഗോലു(6), ഖാലു(5) എന്നിവരാണ് മരണപ്പെട്ടത്. തീ കിടക്കയിലേക്ക് പടര്‍ന്നതിനെത്തുടര്‍ന്നാണ് ഉറങ്ങിക്കിടക്കുന്ന കുട്ടികള്‍ക്ക് പൊള്ളലേറ്റത്. ഈ സമയത്ത് മാതാപിതാക്കള്‍ അടുക്കളയിലായിരുന്നു. നിലവിളി കേട്ട് ഓടിയെത്തുമ്പോഴേക്കും കുട്ടികളുടെ ശരീരത്തിലേക്ക് തീ പടര്‍ന്നിരുന്നു. കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ മാതാവ് ബബിതക്കും 60 ശതമാനത്തിലേറെ പൊള്ളലേറ്റു. പ്രദേശവാസികള്‍ ഓടിയെത്തിയാണ് കുട്ടികളെയും രക്ഷിതാക്കളെയും ആശുപത്രിയിലെത്തിച്ചത്. രണ്ടു കുട്ടികള്‍ ആശുപത്രിയിലെത്തും മുമ്പും രണ്ടു പേര്‍ ആശുപത്രിയിലുമാണ് മരണപ്പെട്ടത്.
