കാസര്‍കോട്: സി പി എം നിയന്ത്രണത്തിലുള്ള പൈവളികെ പഞ്ചായത്തു ഭരണസമിതിയില്‍ മുസ്ലീംലീഗിനു പൂര്‍ണ്ണ വിശ്വാസം!
തിങ്കളാഴ്ച നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ സി പി എം അംഗമായ പഞ്ചായത്ത് പ്രസിഡന്റിനെ മുസ്ലീംലീഗിലെ രണ്ട് അംഗങ്ങള്‍ അനുകൂലിച്ചു വോട്ടു ചെയ്തു. അതേസമയം വലതു മുന്നണിയിലെ ഒരു കോണ്‍ഗ്രസ് അംഗം അവിശ്വാസ പ്രമേയം അവതരിപ്പിച്ച ബി ജെ പിയോടൊപ്പം ചേര്‍ന്നു.
19 അംഗ ഭരണസമിതിയില്‍ ബി ജെ പിക്ക് എട്ടും സി പി എമ്മിന് ഏഴും അംഗങ്ങളാണുള്ളത്. ഒരു സി പി ഐ അംഗവുമുണ്ട്. വലതു മുന്നണിയില്‍ മുസ്ലീംലീഗിനു രണ്ടും കോണ്‍ഗ്രസിന് ഒരു അംഗവുമാണുള്ളത്.
പഞ്ചായത്തില്‍ വികസനരംഗത്തെ വിവേചനത്തിനും പക്ഷപാതത്തിനുമെതിരെയാണ് എട്ടംഗ ബി ജെ പി അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. ഇന്നു നടന്ന വോട്ടെടുപ്പില്‍ രണ്ട് ലീഗ് അംഗങ്ങള്‍ സി പി എമ്മിനു വോട്ടു ചെയ്തതോടെ പ്രമേയത്തിനെതിരെ 10 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. പ്രമേയത്തെ ബി ജെ പിയുടെ എട്ട് അംഗങ്ങള്‍ക്കു പുറമെ ഒരു കോണ്‍ഗ്രസ് അംഗവും അനുകൂലിച്ചു.
യു ഡി എഫിലെ പഞ്ചായത്തിലെ കൂടുമാറ്റം ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നു സൂചനയുണ്ട്. പഞ്ചായത്തിലെ ലീഗ് നിലപാട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നു പറയുന്നു. ബി ജെ പി അംഗമാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്. ഇന്നത്തെ അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പൈവളികെ പഞ്ചായത്ത് ഭരണത്തില്‍ ബദ്ധശത്രുക്കളായ ഇടതുമുന്നണിയും വലതുമുന്നണിയിലെ പ്രമുഖ കക്ഷിയായ മുസ്ലീംലീഗും ഇവയുടെ രണ്ടിന്റെയും പ്രബല ശത്രുവായ ബി ജെ പിയും പങ്കാളികളായിട്ടുണ്ട്. ഏകനായി കോണ്‍ഗ്രസുമുണ്ട്.

അവിശുദ്ധ സഖ്യം