‘ഫ്രീ റീചാര്‍ജ് യോജന’ തട്ടിപ്പാണോ? പൊലീസ് പറയുന്നത് ഇതാണ്

തെരഞ്ഞെടുപ്പ് കാലമായാല്‍ വിവിധ രാഷ്ട്രീയ പാര്‍ടിക്കാരുടെ വാഗ്ദാനങ്ങളുടെ പെരുമഴ പതിവാണ്. പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതുവരെ ആനുകൂല്യങ്ങളും സൗജന്യങ്ങളും സര്‍ക്കാരുകള്‍ പ്രഖ്യാപിക്കും. എന്നാല്‍ ഇതേഘട്ടത്തില്‍ തന്നെ വ്യാജ വാര്‍ത്തകളും ചതിക്കുഴികളുമൊരുക്കി ഓണ്‍ലൈന്‍ തട്ടിപ്പുകാരും സജീവമാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വാഗ്ദാനമാണ് ‘ഫ്രീ റീചാര്‍ജ് യോജന’. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യമായി മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തു നല്‍കുമെന്ന പേരിലുള്ള മെസ്സേജാണ് നിലവില്‍ പ്രചരിക്കുന്നത്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പേരിലാണ് പുതിയ സന്ദേശം വരുന്നത്. തെരഞ്ഞെടുപ്പ് പ്രമാണിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യമായി മൂന്നു മാസത്തെ മൊബൈല്‍ റീചാര്‍ജ് നല്‍കുന്നു എന്നതാണ് പ്രചാരണം. സൗജന്യം ലഭിക്കണമെങ്കില്‍ ലിങ്കുകളില്‍ കയറി മൊബൈല്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വ്യക്തിവിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്ന സന്ദേശമാണിത്. ബിജെപിയുടെ പേരിലുള്ള സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും കോണ്‍ഗ്രസിന്റെ പേരിലുള്ള സന്ദേശത്തില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രവുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ പേരിനനുസരിച്ച് ചിത്രങ്ങളും ചിഹ്നങ്ങളും മാറുമെങ്കിലും മറ്റെല്ലാ വിവരങ്ങളും ഒന്ന് തന്നെയാണ്. എന്നാല്‍ കോണ്‍ഗ്രസോ ബിജെപിയോ രാജ്യത്തെ മറ്റേതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളോ ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇത്തരം ഓഫറുകളും നല്‍കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ‘ഫ്രീ റീചാര്‍ജ് യോജന’ തട്ടിപ്പിനെതിരെ കേരള പൊലീസും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം തട്ടിപ്പ് സന്ദേശങ്ങളില്‍ അകപ്പെടുകയോ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുകയോ ചെയ്യരുതെന്നാണ് പൊലീസ് പറയുന്നത്. ഇത്തരം സന്ദേശങ്ങളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവരുടെ ഫോണ്‍ നമ്പര്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടും. തുടര്‍ന്ന് റീചാര്‍ജ് ലഭിച്ചെന്നും ആക്ടിവേറ്റ് ചെയ്യാന്‍ കൂടുതല്‍ പേര്‍ക്ക് ഈ സന്ദേശം അയയ്ക്കണമെന്നും അറിയിക്കും. ഫലത്തില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നീലേശ്വരത്തെ പെട്രോള്‍ പമ്പില്‍ നിന്നു കവര്‍ന്നത് ഒന്നരലക്ഷം രൂപ; കുപ്രസിദ്ധ മോഷ്ടാവ് കുരുവി സജുവിനെ പിടികൂടുമ്പോള്‍ കൈവശം ഉണ്ടായിരുന്നത് 28,000 രൂപ മാത്രം, ബാക്കി പണം കൊണ്ടുപോയത് ആര്?

You cannot copy content of this page