മകനും ഭര്‍ത്താവും മരിച്ചതറിയാതെ ശരണ്യ; കണ്ണീരിലാഴ്ത്തി ഫാമിലി ടൂര്‍

മകനും ഭര്‍ത്താവും മരിച്ചതറിയാതെ ശരണ്യ ആശുപത്രിയില്‍. ഇരുവരെയും കാണണമെന്നു ശരണ്യ അലമുറയിട്ടെങ്കിലും ഇരുവരും വേര്‍പിരിഞ്ഞ വിവരം ഇവര്‍ ഇനിയും അറിഞ്ഞിട്ടില്ല. കുട്ടി അടിമാലി താലൂക്ക് ആശുപത്രിയില്‍ വച്ചും ഭര്‍ത്താവ് തൊടുപുഴയിലെ സ്വകാര്യ ആശുപതിയില്‍ വച്ചുമാണ് മരിച്ചത്.
ഭര്‍ത്താവ് അഭിനേഷ് മൂര്‍ത്തിയും ഒരു വയസ്സുകാരനായ മകന്‍ തന്‍വിക് വെങ്കടും ആണ് ദുരന്തത്തില്‍ മരിച്ചത്. ഇതൊന്നുമറിയാതെ ശരണ്യ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണ്. ആനന്ദ പ്രഷര്‍ കുക്കര്‍ കമ്പനിയിലെ ഫാമിലി ടൂര്‍ ആയിരുന്നു ദുരന്തത്തില്‍ അവസാനിച്ചത്. കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. മാങ്കുളത്തുനിന്ന് ആനക്കുളത്തേക്കു വരുന്ന വഴിയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ 30 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെങ്കിലും വാഹനം വളരെ താഴെയായിരുന്നുകിടന്നത്. ഇതു രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. മുക്കാല്‍ മണിക്കൂറോളം നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനത്തില്‍നിന്ന് ആളുകളെ പുറത്തെടുക്കാന്‍ സാധിച്ചത്.
രണ്ട് ട്രാവലറും ഒരു ഇന്നോവയും ഉള്‍പ്പെടെ മൂന്ന് വാഹനങ്ങളിലായാണ് സംഘം വിനോദയാത്രയ്‌ക്കെത്തിയത്. ഇതിലൊരു ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page