കാസര്‍കോട്: കമ്മ്യൂണിസ്റ്റ് താത്വികാചാര്യനും ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയുമായിരുന്ന ഇ.എം.എസിന്റെ 26-ാം ഓര്‍മ്മദിനം മാര്‍ച്ച് 19ന്. ഏലംകുളം മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് എന്ന ഇ.എം.എസ് 1909 ജൂണ്‍ 13ന് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലാണ് ജനിച്ചത്. ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സര്‍ക്കാരിനെ നയിച്ച ഇ.എം.എസ് 1998 മാര്‍ച്ച് 19ന് ആണ് ലോകത്തോട് വിട പറഞ്ഞത്.
ചരിത്രകാരന്‍, മാര്‍ക്സിസ്റ്റ് താത്വികാചാര്യന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ് എന്നീ നിലകളില്‍ പ്രശസ്തനായ ഇ.എം.എസ് ആധുനിക കേരളത്തിന്റെ ശില്‍പികളില്‍ പ്രധാനിയായിട്ടാണ് അറിയപ്പെടുന്നത്. ഇ.എം.എസിന് ശേഷം നിരവധി പേര്‍ സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയെങ്കിലും പ്രത്യയശാസ്ത്ര പരമായ വ്യക്തതയ്ക്കായി സിപിഎം ഇന്നും ആശ്രയിക്കുന്നത് ഇ.എം.എസിന്റെ രാഷ്ട്രീയ ലൈനിനെയാണ്.
