ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ടി.എംസി വക്താവ് സകേത് ഗോഖലെയാണ് പരാതി നല്‍കിയത്. ആന്ധ്രാ പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ പ്രധാനമന്ത്രി എയര്‍ഫോഴ്‌സിന്റെ ഹെലികോപ്ടര്‍ ഉപയോഗിച്ചുവെന്നും പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍ സംവിധാനം തെരഞ്ഞെടുപ്പിന് ഉപയോഗിക്കരുതെന്ന നിര്‍ദേശമാണ് പ്രധാനമന്ത്രി ലംഘിച്ചതെന്നും പരാതിയില്‍ പറയുന്നു. ആന്ധ്രപ്രദേശിലെ പല്‍നാട് ചിലകലുരിപേട്ടില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധൈാനമന്ത്രിയെത്തിയത് എയര്‍ഫോഴ്‌സിന്റെ ഹെലികോപ്ടറിലായിരുന്നുവെന്ന് ഗോഖലെ എക്‌സില്‍ കുറിച്ചു. 1975ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഹെലികോപ്ടര്‍ ഉപയോഗിച്ചതിനു തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവരെ അയോഗ്യയായി പ്രഖ്യാപിച്ചിരുന്നുവെന്ന് പരാതിയില്‍ ഗോഖലെ ചൂണ്ടിക്കാട്ടി. എയര്‍ഫോഴ്‌സ് വിമാനം വാടകയ്‌ക്കെടുത്തത് ബി.ജെ.പി യുടെ പണം കൊണ്ടാണെങ്കില്‍ എയര്‍ഫോഴ്‌സ് ഹെലികോപ്ടര്‍ വാടകയ്‌ക്കെടുത്തതിന്റെ കാരണവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.