Monday, May 20, 2024
Latest:

എന്തും പറയാം ”മഹിത;” എന്തും പറയാം….

നാരായണന്‍ പേരിയ

”മരണം പ്രകൃതിശ്ശരീരിണാം/വികൃതിര്‍-
ജ്ജീവിത മുച്യതൈര്‍ ബുധൈ”-

ശരീരികളുടെ പ്രകൃതിയാണ് മരണം; ജീവിതം വികൃതിയും. ബുധന്മാര്‍-വിജ്ഞാനികള്‍ പറയുന്നു.
മഹാകവി കാളിദാസന്‍ പറഞ്ഞതാണെങ്കിലും സാധാരണക്കാര്‍ക്ക് അത് പോരാ. എങ്ങനെ മരിച്ചു? ആരെങ്കിലും കൊലപ്പെടുത്തിയതാണോ? അതറിയണം; അന്വേഷിക്കണം. ആരന്വേഷിക്കണം? ‘സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ’ (സി.ബി.ഐ) തന്നെ അന്വേഷിക്കണം.”ഇന്ത്യയിലെ ഏറ്റവും പ്രാഗത്ഭ്യമുള്ള അന്വേഷണ ഏജന്‍സി” ആണത്രെ സി.ബി.ഐ. സുപ്രിം കോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് കെ.ടി തോമസ് പറയുന്നു. ‘രാഷ്ട്രീയ ഇടപെടലുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് ചിലപ്പോള്‍ സാധിക്കാതെ വരുന്നു” എന്ന പരിമിതിയും അദ്ദേഹം കാണുന്നുണ്ട്. എങ്കിലും ”നേരറിയാന്‍ സി.ബി.ഐ” എന്നത് ഒരു സിനിമയുടെ പേര്മാത്രമല്ല എന്നായിട്ടുണ്ട്. സി.ബി.ഐ.യുടെ സ്ഥാപകന്‍, ഡോ.കോഹ്ലിക്ക് അഭിമാനിക്കാം.
എന്നാല്‍, എല്ലാ കേസുകളിലും സി.ബി.ഐ ‘നേര്’ കണ്ടെത്തിയിട്ടുണ്ടോ? ഇല്ല എന്ന് ജ. തോമസ് തന്നെ സമ്മതിച്ചിട്ടുണ്ടല്ലോ. സിസ്റ്റര്‍ അഭയാ കേസ് നമ്മുടെ മുമ്പിലുണ്ട്. കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റില്‍ എന്ത് നടന്നു എന്നറിയാന്‍ സി.ബി.ഐയുടെ എട്ട് സംഘങ്ങളാണ് മാറി മാറി അന്വേഷിച്ചത്. അവിഹിത സമ്മര്‍ദ്ദം മൂലം, ആദ്യ സംഘത്തിന്റെ തലവന്‍-സി.ബി.ഐ ഡി.വൈ.എസ്.പി വര്‍ഗീസ് പി. തോമസ് ചുമതലയേറ്റ് ഒമ്പതാം മാസത്തില്‍ രാജി വെച്ച് പോയി. ആത്മഹത്യ എന്നെഴുതി ഫയല്‍ കെട്ടി വെക്കാന്‍ മേലുദ്യോഗസ്ഥന്‍ ത്യാഗരാജന്‍ നിര്‍ബന്ധിച്ചുപോലും.
അപ്പോള്‍, നേരറിയാന്‍ ആര് അന്വേഷിക്കണം? റിട്ടയര്‍ ചെയ്ത ജഡ്ജി-അതായത് ജുഡീഷ്യല്‍ അന്വേഷണം-അതാണ് നേരറിയാനുള്ള ഏക മാര്‍ഗം എന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറയുന്നു. വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല ഹോസ്റ്റലില്‍ സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത് സംബന്ധിച്ച വിവാദത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി സി.ബി.ഐ അന്വേഷിക്കട്ടെ എന്ന് പറഞ്ഞു. സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ തീരുമാനത്തിലെത്തിയത്. ‘രക്ഷാകര്‍ത്താക്കളായ തങ്ങളുടെ മാത്രമല്ല, ഒരു നാടിന്റെ തന്നെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുന്നു; സി.ബി.ഐ അന്വേഷിക്കണം എന്ന് തുടക്കം മുതലെ തങ്ങള്‍ ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രി അനുകൂല നിലപാടെടുത്തതില്‍ സന്തോഷം എന്നാണ് സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് പറഞ്ഞത്.
നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം സി.ബി.ഐയില്‍ നിന്ന് പ്രതീക്ഷിച്ചുകൂടാ എന്നാണ് സുധാകരന്‍ പറയുന്നത്. കോണ്‍ഗ്രസ് ഭരണകാലത്ത് എത്രയേത്ര സി.ബി.ഐ അന്വേഷണങ്ങളാണ് നടന്നിട്ടുള്ളത്. ഒന്നും നിഷ്പക്ഷമായില്ല എന്ന അനുഭവമായിരിക്കാം ഇപ്പോള്‍ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. സത്യസന്ധമാകും എന്ന് ഉറപ്പുള്ള അന്വേഷണം ഏതാണ്?
ജുഡീഷ്യല്‍ അന്വേഷണം! 1952ല്‍ പാര്‍ലിമെന്റ് പാസ്സാക്കിയ കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരമാണ് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ഉത്തരവിടുന്നത്. ആ അന്വേഷണത്തിന്റെ കാര്യക്ഷമതയയെക്കുറിച്ചറിയാന്‍, ഇത:പര്യന്തം നടന്നിട്ടുള്ള ചില അന്വേഷണങ്ങളുടെ ചരിത്രം തിരക്കിയാല്‍ മതി. ആദ്യകാലത്ത് സിറ്റിംഗ് ജഡ്ജിമാരെ കമ്മീഷനാക്കാറുണ്ടായിരുന്നു. പിന്നീട് സുപ്രിം കോടതി അത് വിലക്കി. ജഡ്ജിമാരുടെ എണ്ണക്കുറവും കേസുകളുടെ പെരുപ്പവും ആയിരുന്നു കാരണം. അതുകൊണ്ട് റിട്ടയര്‍ ചെയ്ത ജഡ്ജിമാര്‍ക്ക് മികച്ച നേട്ടമുണ്ടായി. എങ്ങനെ എന്നല്ലേ?
ബാബറി മസ്ജിദ് തകര്‍ത്തതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ 1992 ഡിസംബറില്‍, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ സിംഗ് ലിബര്‍ഹാനെ കമ്മീഷനായി നിയോഗിച്ചു. സംഭവം നടന്നതിന്റെ പത്താംനാളില്‍. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു ഉത്തരവ്. കാലാവധി 48 പ്രാവശ്യം നീട്ടി. പതിനേഴ് കൊല്ലമെടുത്തു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍. കമ്മീഷന്റെ ചെലവ് എട്ട് കോടി രൂപ. രാജീവ് ഗാന്ധി വധം-ജ.വര്‍മ്മാ കമ്മീഷന്‍. ബോംബെ കലാപം-ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷന്‍-എല്ലാം ഇത് പോലെത്തന്നെ. പെന്‍ഷന് പുറമെ ഒരു അധികവരുമാനത്തിനുള്ള വഴി. പ്രതിഫലത്തുക ആദായ നികുതിക്ക് പുറത്തായിരിക്കണം എന്ന് മുന്‍കൂറായി വ്യവസ്ഥ വെച്ച ഒരു ന്യായാധിപനെ കുറിച്ച് ചീഫ് സെക്രട്ടറിയായിരുന്ന സി.പി. നായര്‍ എഴുതിയിട്ടുണ്ട്. ആരെല്ലാമാകണം സ്റ്റാഫ്, ഏത് തരം വാഹനം വേണം-ഇങ്ങനെ പലതും. എന്നിട്ട് എന്തെങ്കിലും കണ്ടെത്തുമോ? ഐ.എസ്.ആര്‍.ഒ ചാരക്കേസിനെക്കുറിച്ച് ഒന്നരക്കൊല്ലം സി.ബി.ഐ അന്വേഷണം നടന്നപ്പോള്‍ ‘ചാരക്കേസ് ചാരമായി’ എന്ന് പറഞ്ഞത് പോലെ, ജുഡീഷ്യല്‍ അന്വേഷണവും കലാശിക്കും.
പൂക്കോട് ദുരന്തം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത് എങ്കിലോ? സുധാകരന്‍ എന്ത് പറയുമായിരുന്നു? സിബിഐ തന്നെ വേണം അന്വേഷിക്കാന്‍; നേരറിയാന്‍ വേറെ വഴിയില്ല!
”എന്തും പറയാം ‘മഹിത’; എന്തും പറയാം വഷള’ എന്നൊരു ചൊല്ലുണ്ടല്ലോ. ചേരുന്നത് ചേര്‍ക്കാം ഓരോരുത്തര്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page