കാസര്‍കോട്: താമസസ്ഥലത്തിന്റെ സീലിംഗ് തുരന്ന് അകത്ത് കയറി പള്ളി ഖത്തീബിന്റെ 37,000 രൂപയും വിദേശ നിര്‍മ്മിത വാച്ചും വിലപ്പെട്ട രേഖകള്‍ അടങ്ങിയ സ്യൂട്ട്കെയ്സും കവര്‍ച്ച ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പഴയങ്ങാടി, വേങ്ങര മൂലക്കീല്‍ സ്വദേശി പുന്നക്കന്‍ മന്‍സൂറി(28)നെയാണ് ചന്തേര പൊലീസ് പഴയങ്ങാടി പൊലീസിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തത്. ഇയാളുടെ കൂട്ടാളികളായ കണ്ണൂര്‍, മുട്ടം സ്വദേശി മൈലാഞ്ചില്‍ മുഹമ്മദ് ഫയാസ് (19), നരീക്കോട് സ്വദേശി മുഹമ്മദ് ഇഫാസ് (19) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കവര്‍ച്ചക്ക് ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
മാര്‍ച്ച് 14 ന് രാവിലെ ആറുമണിയോടെ ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. തുരുത്തി ജുമാമസ്ജിദ് ഖത്തീബ് മലപ്പുറം തവനൂര്‍ സ്വദേശി ഹജ്ജുള്‍ അക്ബറിന്റെ മുറിയിലാണ് കവര്‍ച്ച നടന്നത്. ഇന്നോവ കാറിലെത്തിയ മൂന്നംഗ സംഘം പള്ളിയോട് ചേര്‍ന്നുള്ള താമസസ്ഥലത്തിന്റെ മേല്‍ക്കൂര തുരന്നാണ് അകത്ത് കയറിയത്. ഈ സമയത്ത് ഖത്തീബ് സ്ഥലത്തുണ്ടായിരുന്നില്ല. തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ചന്തേര പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് കവര്‍ച്ചക്കാരെ കുറിച്ചുള്ള സൂചന ലഭിച്ചത്. സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞത്.