ഓംലറ്റ് തരാന്‍ കുറച്ച് താമസിക്കും; കട ഉടമയുടെ വാക്കുകള്‍ അത്രപിടിച്ചില്ല; ദോശക്കട തകര്‍ത്ത് മദ്യപസംഘം; ഭക്ഷണം കഴിക്കാനിരുന്ന സഹോദരങ്ങള്‍ക്കും കിട്ടി മര്‍ദ്ദനം

ഓംലറ്റ് കിട്ടാന്‍ അല്‍പം താമസിക്കും എന്ന വാക്ക് കാരണം കൊല്ലം കരുനാഗപ്പള്ളിയില്‍ ദോശക്കട മദ്യപസംഘം അടിച്ചുതകര്‍ത്തു. ഭക്ഷണം കഴിക്കാനത്തിയവരെയും മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഇടക്കുളങ്ങര സ്വദേശി ഗോപകുമാറിന്റെ കടയിലായിരുന്നു ആക്രമണം.
കരുനാഗപ്പള്ളി മാര്‍ക്കറ്റിന് സമീപമുള്ള കടയില്‍ വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കടയിലെത്തിയ സഹോദരങ്ങള്‍ ഓംലെറ്റ് ഓര്‍ഡര്‍ ചെയ്തിരുന്നു. കിട്ടാന്‍ വൈകുമെന്ന് കടക്കാരന്‍ അറിയിച്ചു. ഇതുകേട്ട് പുറത്തുണ്ടായിരുന്ന അഞ്ചംഗ സംഘം ഒരു പ്രകോപനവുമില്ലാതെ കട തല്ലിത്തകര്‍ക്കുകയും ആക്രമിക്കുകയുമായിരുന്നു. നിരവധി കേസുകളിലെ പ്രതികളായ അക്രമികള്‍ ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങളും പുലിയൂര്‍വഞ്ചി സൗത്ത് സ്വദേശികളുമായ അരുണ്‍, അജില്‍ എന്നിവരെയും വെറുതെവിട്ടില്ല. കോണ്‍ക്രീറ്റ് കട്ടകള്‍ കൊണ്ടും ഇരുമ്പു വടികൊണ്ടുമായിരുന്നു മര്‍ദ്ദനം.
പരിക്കേറ്റവര്‍ ചികില്‍സയിലാണ്. അടിപിടിക്കിടെ പ്രതികളിലൊരാളായ പ്രസാദിനും പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തിലാണ്. നാലുപേര്‍ ഒളിവിലാണ്. വധശ്രമത്തിന് പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page