കാസര്‍കോട് മുന്നാട് നടന്ന കണ്ണൂര്‍ സര്‍വകലാശാലാ കലോല്‍സവത്തിലും ഇടനിലക്കാരുണ്ടായിരുന്നതായി ആരോപണം: നിഷേധിച്ച് വൈസ് ചാന്‍സലര്‍

കണ്ണൂര്‍: കാസര്‍കോട്ടെ മൂന്നാട് പീപ്പിള്‍സ് കോളേജില്‍ ഫെബ്രുവരിയില്‍ നടന്ന കണ്ണൂര്‍ സര്‍വകലാശാലാ യുവജനോത്സവത്തിലും ഇടനിലക്കാര്‍ വിധികര്‍ത്താക്കളെ സ്വാധീനിച്ചിരുന്നെന്നു ആരോപണം.
എന്നാല്‍ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നു വൈസ് ചാന്‍സലര്‍ ഡോ. എസ്. ബിജോയ് നന്ദന്‍ വെളിപ്പെടുത്തി. അത്തരം ഒരു പരാതി ആരും ഉന്നയിച്ചിട്ടില്ലെന്നും താന്‍ രണ്ടു ദിവസം മേളയില്‍ പങ്കെടുത്തിരുന്നെന്നും വാര്‍ത്താ ലേഖകരോട് അദ്ദേഹം പറഞ്ഞു. കലോത്സവത്തില്‍ കുച്ചിപ്പുടി, മോഹിനിയാട്ടം വിധികര്‍ത്താവായിരുന്ന തിരുവനന്തപുരം സ്വദേശിനിയും നൃത്താധ്യാപികയുമായ സൗമ്യ സുകുമാരനാണ് കണ്ണൂര്‍ സര്‍വകലാ ശാലാ യുവജനോത്സവത്തിലും ഇടനിലക്കാരുണ്ടായിരുന്നുവെന്നു ആരോപിച്ചത്. കേരള സര്‍വകലാശാലാ യുവജനോത്സവത്തിലുണ്ടായ ഇടനില – കോഴ ആരോപണങ്ങളും ഒരു വിധികര്‍ത്താവിന്റെ ആത്മഹത്യയും ഉണ്ടാക്കിയ വിവാദങ്ങളെ തുടര്‍ന്നാണ് വെളിപ്പെടുത്തല്‍. സംഘനൃത്തമത്സരത്തില്‍ വിധികര്‍ത്താവാകാനാണ് ഇവരോട് ആവശ്യപ്പെട്ടിരുന്നതെന്നു പറയുന്നു. മത്സരത്തില്‍ പങ്കെടുക്കുന്ന ഒരു ടീമിനു ഒന്നാം സമ്മാനം നല്‍കണമെന്നു വാട്‌സാപ്പ് മെസേജ് അയച്ചു. ടീമിന്റെ വേഷത്തിന്റെ നിറവും പാട്ടിന്റെ ശബ്ദരേഖയും സന്ദേശത്തിലുണ്ടായിരുന്നുവെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ അതു പറ്റില്ലെന്നു മറുപടി നല്‍കിയതിനെത്തുടര്‍ന്നു ആ മത്സരത്തിന്റെ ജഡ്ജി പാനലില്‍ നിന്നു തന്നെ മാറ്റുകയായിരുന്നുവെന്നു അവര്‍ വെളിപ്പെടുത്തി. അതേസമയം കേരള സര്‍വകലാശാലാ യുവജനോത്സവത്തിലെ ആരോപണങ്ങളെത്തുടര്‍ന്നു നിര്‍ത്തി വച്ച മത്സരം പൂര്‍ത്തിയാക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നുണ്ട്. കോഴവിവാദത്തെത്തുടര്‍ന്നു മാര്‍ഗംകളി വിധികര്‍ത്താവ് ഷാജി ആത്മഹത്യ ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page