കാസര്‍കോട്: ഓണ്‍ലൈന്‍ ഇടപ്പാടിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തിലെ മുഖ്യകണ്ണിയായ കാഞ്ഞങ്ങാട് സ്വദേശി കുടുങ്ങി. കാഞ്ഞങ്ങാട്, ആറങ്ങാടി, അസീഫ മന്‍സിലിനെ മുഹമ്മദ് ഹനീഫയെയാണ് കൂത്തുപറമ്പ എ.സി.പി കെ.വി വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ ആര്‍.എല്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി കാഞ്ഞങ്ങാട്ട് വെച്ച് പിടികൂടിയത്.
ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന ലക്ഷങ്ങളുടെ ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ പേരില്‍ അറസ്റ്റിലായ ആദ്യ മലയാളിയാണ് മുഹമ്മദ് ഹനീഫയെന്ന് പൊലീസ് പറഞ്ഞു. വെളിയമ്പ്ര, പി.ആര്‍ നഗറിലെ കൂളിപ്പയില്‍ ഹൗസില്‍ പി. സതീശന്‍ നല്‍കിയ പരാതിയിലാണ് പ്രതി അറസ്റ്റിലായത്. ഫെബ്രുവരി 29ന് ഫോണിലും വാട്സ്ആപിലും ബന്ധപ്പെട്ട അജ്ഞാതനാണ് ലോണ്‍ ആപ് വഴി സതീശനു വായ്പ വാഗ്ദാനം നല്‍കിയത്. ആപ്പില്‍ കയറി അപേക്ഷയും അപേക്ഷ തുകയും നല്‍കി. പിന്നീട് ഒരൊറ്റ ദിവസം നാലു തവണകളായി 1,17,000 രൂപ സതീശനെ കൊണ്ട് അടപ്പിച്ചു. ഇതോടെ താന്‍ തട്ടിപ്പിന് ഇരയായെന്ന് തിരിച്ചറിഞ്ഞ സതീശന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഡല്‍ഹിയിലെ ഒരു അക്കൗണ്ടിലേക്കാണ് പണം പോയതെന്നു പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. അതേ അക്കൗണ്ടില്‍ നിന്നു കാഞ്ഞങ്ങാട്ടെ അക്കൗണ്ടിലേക്കും പണമെത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. പ്രസ്തുത അക്കൗണ്ട് ഉടമ ഹനീഫയാണെന്നും ഇയാള്‍ക്കാണ് പണമെത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചു. മാര്‍ച്ച് ഒന്നിനു ഫെഡറല്‍ ബാങ്കിന്റെ കാഞ്ഞങ്ങാട്, കാസര്‍കോട്, ഉദുമ ശാഖകളില്‍ നിന്ന് 17,20,000 രൂപ പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം തുടരുന്നു. ഉത്തരേന്ത്യന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയാണ് ഹനീഫയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് പറഞ്ഞു.