ഇടുക്കി: വ്യാജന്മാരെയും തരികിടകളും പിടികൂടേണ്ട പൊലീസ് ഇവയുടെ ആള്‍രൂപമായാല്‍ എന്ത് ചെയ്യും? ഇടുക്കി ജില്ലയിലെ കുളമാവു പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ അജീഷിനെ അധികൃതര്‍ സസ്‌പെന്റ് ചെയ്തു. ഇടുക്കി പൊലീസ് സഹകരണ സംഘത്തില്‍ നിന്ന് 20 ലക്ഷം രൂപ അജീഷ് വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കി വായ്പയെടുക്കുകയായിരുന്നു. പടമുഖം സ്വദേശിയായ കെ കെ സിജു എന്നയാളുടെ പരാതിയില്‍ സഹകരണ സംഘം ഭാരവാഹികള്‍ ഉള്‍പ്പെടെ 6 പേര്‍ക്കെതിരെ കേസെടുത്തു. അന്വേഷണം തുടരുകയാണ്. പൊലീസ് സഹകരണ സംഘത്തില്‍ നിന്ന് 2017ലാണ് അജിഷ് 20 ലക്ഷം രൂപ വായ്പയെടുത്തത്. 4 ജാമ്യക്കാരുണ്ടായിരുന്നു. ഇതില്‍ ഒന്ന് കെ കെ സിജുവായിരുന്നു. എന്നാല്‍ താനിത്തരത്തില്‍ ഒരു വായ്പയെ കുറിച്ച് അറിയുകയോ വായ്പ ലഭിക്കുന്നതിന് ജാമ്യം നില്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് സിജു പരാതിപ്പെട്ടു. 2017ല്‍ വായ്പയെടുത്ത അജീഷ് അതിന് ഉറപ്പായി നല്‍കിയ സാലറി സര്‍ട്ടിഫിക്കറ്റ് വ്യാജമായിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. വ്യാജ രേഖകള്‍ ഉപയോഗിച്ച് വായ്പയെടുത്ത അജീഷ് വായ്പ തുക തിരിച്ചടക്കാതെ വന്നതോടെയാണ് ജാമ്യക്കാരില്‍ നിന്ന് തുക ഈടാക്കാന്‍ സംഘം നടപടി ആരംഭിച്ചത്. ഇത്തരത്തില്‍ ഒരു നോട്ടീസ് ലഭിച്ചപ്പോഴാണ് സിജു സംഗതി അറിയുന്നത്. തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ അന്വേഷണം നടത്തി. പ്രാമിക അന്വേഷണത്തില്‍ അജീഷ് അടിമുടി തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അയാളെ സസ്‌പെന്റ് ചെയ്തത്. അജീഷിനു പുറമെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെ അക്കൗണ്ട്‌സ് ഓഫീസര്‍ മീനാകുമാരി പൊലീസ് സഹകരണ സംഘം പ്രസിഡണ്ടും സെക്രട്ടറിയുമായിരുന്ന കെ കെ ജോസി, ശശി നിലവിലെ ഭാരവാഹികളായ സനല്‍ കുമാര്‍, അഖില്‍ വിജയന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.