വേനല്‍ ചൂടിനൊപ്പം മുണ്ടിവീക്കവും പടരുന്നു; കാസര്‍കോട് ജില്ലയിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

കാസര്‍കോട്: ഈ മാസം 2505 മുണ്ടിവീക്ക വൈറല്‍ അണുബാധ കേസുകള്‍ റിപ്പോര്‍ട്ട് സാഹചര്യത്തില്‍ സംസ്ഥാനത്ത് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം. മാര്‍ച്ച് 10-ാംതിയതി മാത്രമായി 190 മുണ്ടിവീക്കം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ഈമാസം കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മുണ്ടിവീക്കം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.രാംദാസ് എ.വി അറിയിച്ചു. മുണ്ടി നീര്, മുണ്ടിവീക്കം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ രോഗം പാരമിക്‌സോവെരിഡെ വിഭാഗത്തിലെ (mumps) വൈറസ് മൂലം ആണ് ഉണ്ടാകുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ആണ് ബാധിക്കുന്നത്. അഞ്ചു മുതല്‍ ഒമ്പത് വയസ്സ് വരെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതല്‍ ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും കാണപ്പെടാറുണ്ട്. രോഗം കുട്ടികളിലേക്കാള്‍ ഗുരുതരമാകുന്നത് മുതിര്‍ന്നവരിലാണ്. വിശപ്പില്ലായ്മയും ക്ഷീണവും മറ്റു ലക്ഷണങ്ങള്‍ ആണ്. പനി, വേദന തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് ചികിത്സിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം.
വായുവിലൂടെ പകരുന്ന ഈ രോഗം സാധാരണയായി ചുമ, തുമ്മല്‍, മൂക്കില്‍ നിന്നുള്ള സ്രവങ്ങള്‍, രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെയാണ് പകരുന്നത്.
പ്രത്യേക ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ തലച്ചോര്‍, വൃഷണം, അണ്ഡാശയം, ആഗ്നേയ ഗ്രന്ഥി, പ്രോസ്ട്രേറ്റ് എന്നീ ശരീര ഭാഗങ്ങളെ രോഗം ബാധിക്കുന്നു. തലച്ചോറിനെ ബാധിച്ചാല്‍ എന്‍സഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാം. ഇത് മരണ കാരണമായേക്കാം. രോഗം തിരിച്ചറിയുമ്പോഴേക്കും മറ്റു പലരിലേക്കും പകര്‍ന്നിരിക്കും എന്നതിനാല്‍ മുണ്ടിനീര് പകരുന്നത് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്. ഈ രോഗ നിയന്ത്രണത്തിന് പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണ്. കുട്ടികള്‍ക്ക് ജനിച്ചശേഷം 16 മുതല്‍ 24 വരെയുള്ള മാസങ്ങളില്‍ എം എം ആര്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിലൂടെ മുണ്ടിനീര്, അഞ്ചാം പനി, റുബെല്ല എന്നീ അസുഖങ്ങളില്‍ നിന്നും പ്രതിരോധം നല്‍കാം. ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് മുണ്ടിനീര് കൂടുതല്‍ കാണപ്പെടുന്നത്. മുണ്ടിനീര് ബാധിക്കുന്നവര്‍ രോഗത്തെ അവഗണിക്കുകയോ സ്വയം ചികിത്സ ചെയ്യുകയോ ചെയ്യാതെ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് വിദഗ്ധ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page