കാസര്‍കോട്: മുളിയാര്‍, ബേഡഡുക്ക പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ ‘കുട്ടിശങ്കരന്‍’ എന്ന ആനയുടെ തേരോട്ടം തടയാന്‍ കഴിയാതെ വനം വകുപ്പ് അധികൃതര്‍ ചക്രശ്വാസം വലിക്കുന്നതിടയില്‍ പടുപ്പില്‍ കടുവയിറങ്ങിയതായി പ്രചരണം. ഇരിയണ്ണിയില്‍ പുലിയെ കണ്ടുവെന്നും ശബ്ദസന്ദേശം പ്രചരിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ അന്വേഷണം തുടങ്ങി. പടുപ്പ്, ബണ്ടങ്കൈ ഭാഗത്ത് ഇന്നലെ രാത്രി കടുവ ഇറങ്ങിയെന്നാണ് പ്രചാരണം. ഓട്ടോ ഓടിച്ചു പോവുകയായിരുന്ന ഒരാളാണ് കടുവയെ റോഡ് മുറിച്ചു കടക്കുന്നത് കണ്ടതെന്നു പറയുന്നു. ഇത് സംബന്ധിച്ചുള്ള വീഡിയോയും ചിത്രവും സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായതോടെ ജനങ്ങള്‍ ഭീതിയിലാണ്. എന്നാല്‍ കടുവ ഇറങ്ങാന്‍ ഒരു തരത്തിലുമുള്ള സാധ്യതയില്ലെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. കാസര്‍കോട് ജില്ലയിലെ വനത്തില്‍ ഇത് വരെ കടുവയെ കണ്ടതായി റിപ്പോര്‍ട്ടില്ലെന്നും പ്രചരണം ശരിയാകാന്‍ ഇടയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേ സമയം പരപ്പ, പാണ്ടി, പുലിപ്പറമ്പ് ഭാഗങ്ങളില്‍ പുലിയുള്ളതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. കടുവയിറങ്ങിയെന്ന പ്രചരണത്തിനിടയില്‍ ബോവിക്കാനം വളപ്പാറയില്‍ ഇറങ്ങിയ കാട്ടാനയായ ‘കുട്ടിശങ്കര’ന്റെ വിളയാട്ടം തുടരുകയാണ്. സോളാര്‍ തൂക്കുവേലി തകര്‍ത്ത് എത്തിയ കുട്ടിശങ്കരന്‍ വളപ്പാറയില്‍ തമ്പടിച്ച് കുട്ടിയാനത്തിന്റെ അക്കരയിലും ഇക്കരയിലും നാശം വിതച്ചു കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് മൂന്നിന് ദേലംപാടി പഞ്ചായത്ത് അതിര്‍ത്തിയിലെ സോളാര്‍ തൂക്കുവേലി തകര്‍ത്താണ് ഈ ആന എത്തിയത്.
