പുത്തൂര്‍(കര്‍ണാടക): കര്‍ണാടക ബാങ്ക് അഡ്യനടുക്ക ശാഖയില്‍ നിന്ന് പണവും സ്വര്‍ണവും കവര്‍ന്ന സംഘത്തെ പിടികൂടുന്നതിന് നിര്‍ണായക സൂചനകള്‍ നല്‍കിയ ഓട്ടോ ഡ്രൈവറും പൊതുപ്രവര്‍ത്തകനുമായ ഇബ്രാഹിം കൊടിയമ്മയെ വിട്‌ല പൊലീസ് ആദരിച്ചു. കര്‍ണാടക പൊലീസ് ആദ്യമായാണ് ഒരു മലയാളിയെ ആദരിക്കുന്നത്. കഴിഞ്ഞ മാസം ഏഴിന് രാത്രിയിലാണ് അഡ്യനടുക്കയിലെ കര്‍ണാടക ബാങ്ക് ശാഖ കൊള്ളയടിച്ചത്. ബാങ്കിന്റെ പിന്‍വശത്തെ ജനല്‍ കമ്പി മുറിച്ച് അകത്ത് കടന്ന സംഘം സ്വര്‍ണവും പണവും അപഹരിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കര്‍ണാടക പൊലീസ് മോഷ്ടാക്കള്‍ക്ക് വേണ്ടി കര്‍ണാടകയിലും കാസര്‍കോട് ജില്ലയിലും വ്യാപകമായ തെരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് പ്രതികളെ കണ്ടെത്തുന്നതിനുള്ള നിര്‍ണായക വിവരം ഇബ്രാഹിമില്‍ നിന്ന് പൊലീസിന് ലഭിച്ചത്. പ്രസ്തുത വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നിന്ന് രണ്ടുപേരെ കര്‍ണാടക പൊലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്തതോടെ മറ്റുപ്രതികളെ പിടികൂടാന്‍ വിട്‌ല പൊലീസിന് കഴിഞ്ഞു. തോഞ്ഞുമാഞ്ഞുപോകാമായിരുന്ന കേസിന് തുമ്പുണ്ടാക്കാന്‍ സഹായിച്ച ഇബ്രാഹിമിനെ അതിനുള്ള പ്രത്യുപകാരമായാണ് ആദരവ് നല്‍കിയത്. ഇബ്രാഹിമിനെ വിട്ട്‌ല പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയാണ് ആദരിച്ചത്. ആദരിക്കല്‍ ചടങ്ങില്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്മാര്‍ പങ്കെടുത്തു.
