കാസര്‍കോട്: ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ‘ചെണ്ടുമല്ലിക പൂ കണ്ടാല്‍ ചന്തമില്ലെ കരളേ’ എന്ന തുടങ്ങുന്ന പാട്ട് ഏറ്റെടുത്ത് മലയാളികള്‍. മുള്ളേരിയ കാടകത്തെ ജയരഞ്ജിത പാടിയ പാട്ടാണ് ലോകമലയാളികള്‍ ഏറ്റു പാടുന്നത്. ഈ പാട്ട് ഒരിക്കല്‍ കേട്ടാല്‍ നമ്മളും ഒന്ന് പാടി പോകും. പാട്ട് കേട്ടിട്ട് ജയരഞ്ജിതയെ നിരവധി പേരാണ് വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിക്കുന്നത്. സംവിധായകന്‍ ജിയോ ബേബി, പിന്നണി ഗായകന്‍ വി ദേവാനന്ദ്, നടന്മാരായ മധുപാല്‍, ജോജി ഇങ്ങനെ പോകുന്ന അഭിനന്ദനക്കാരുടെ നിര. ശാസ്ത്രീയമായി സംഗീതം പഠിക്കാത്ത ജയരഞ്ജിത നിരവധി പാട്ടുകളാണ് പാടി ഹിറ്റാക്കിയിട്ടുള്ളത്. നൃത്തത്തിലും അഭിനയത്തിലുമാണ് ജയരഞ്ജിതയ്ക്ക് കൂടുതല്‍ താല്‍പ്പര്യം. നമ്മള്‍ പാടി പോകുന്ന നിരവധി പാട്ടുകള്‍ ജയ രഞ്ജിതയുടെ അക്കൗണ്ടിലുണ്ട്. എല്ലാം വൈറലാണ്. പ്രസാദം പരത്തുന്ന പുഞ്ചിരിയാണ് ഈ പാട്ടുകാരിയുടെ മാസ്റ്റര്‍ പീസ്. കാസര്‍കോട് ചിലമ്പൊലി’ സംഘത്തിനൊപ്പം നിരവധി വേദികളില്‍ പാടിയിട്ടുണ്ട്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ഭാഗമായി ‘നാടിന്റെ തീപ്പാട്ട് ജയരഞ്ജിത പാടുന്നു. ബാലസംഘം വേനല്‍ത്തുമ്പി കാറഡുക്ക ഏരിയാ പരിശീലകയായിരുന്നു. കോവിഡ് കാലത്താണ് ഇന്‍സ്റ്റയിലില്‍ സജീവമായ കോഴിക്കോടുള്ള സുഹൃത്ത് പ്രത്യുഷ് റീല്‍സ് ചെയ്യാന്‍ പ്രചോദനം നല്‍കിയത്. താല്‍ക്കാലികമായി അധ്യാപിക ജോലി ചെയ്തിരുന്നു. ലോട്ടറി വില്പനക്കാരനായ കൊട്ടംകുഴിയിലെ ജയചന്ദ്രന്റെയും കര്‍മ്മംതൊടിയിലെ കുടുംബശ്രീ കാന്റീന്‍ ജീവനക്കാരി രാധയുടെയും മകളാണ്. സഹോദരങ്ങള്‍ ജയരഞ്ജിത്, ജയസൂര്യ. മലപ്പുറം സ്വദേശി അനന്തുവുമായുള്ള വിവാഹം മെയ് 26ന് നിശ്ചയിച്ചിരിക്കുകയാണ്.