
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം നിയമയുദ്ധത്തിനു തയ്യാറെടുക്കുന്നു. ഔദ്യോഗിക വിജ്ഞാപനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കമാരംഭിച്ചു. നിയമം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു മുസ്ലീംലീഗ് ഇന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി മെന്‍ഷന്‍ ചെയ്യണോ, പുതിയ ഹര്‍ജി സമര്‍പ്പിക്കണമോ എന്നതിനെകുറിച്ചും സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിക്കഴിഞ്ഞു. മുസ്ലീംലീഗ് നേരത്തേ ഇതു സംബന്ധിച്ചു നല്‍കിയ ഹര്‍ജി കോടതി പരിഗണനയിലാണ്. നിയമത്തിലെ ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പാര്‍ട്ടി ഇന്നു കോടതിയെ സമീപിക്കുന്നത്. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മുസ്ലീംലീഗ് നേതൃയോഗം പാണക്കാട്ട് നടന്നു കൊണ്ടിരിക്കുകയാണ്.നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.