കാസര്‍കോട്: ഉളിയത്തടുക്ക ടൗണിലെ പള്ളിയിലടക്കം കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ മോഷണക്കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കെ നെല്ലിക്കുന്നില്‍ രണ്ട് പള്ളികളില്‍ കവര്‍ച്ചാശ്രമം. നെല്ലിക്കുന്ന് നൂര്‍ മസ്ജിദ്, ബീച്ച് പള്ളി എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി കവര്‍ച്ചാ ശ്രമം നടന്നത്. ഇരുസ്ഥലങ്ങളിലും കവര്‍ച്ചക്കാരുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രി ഉളിയത്തടുക്കയിലെ ഭണ്ഡാരപ്പെട്ടി തുറന്ന് പണം കവര്‍ന്നിരുന്നു. അയ്യായിരത്തോളം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. പള്ളി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജാബിറിന്റെ ഉടമസ്ഥതയിലുള്ള അനാദിക്കടയിലും മോഷണം നടന്നു. നേര്‍ച്ചപ്പെട്ടിയില്‍ ഉണ്ടായിരുന്ന 3000 രൂപയും കടയിലുണ്ടായിരുന്ന ഏഴായിരം രൂപയും നഷ്ടമായി. മധൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന പച്ചക്കറി കടയിലും മോഷണം നടന്നു. മൂന്നിടങ്ങളിലും ഒരേ സംഘമാണ് കവര്‍ച്ച നടത്തിയതെന്നു സംശയിക്കുന്നു, രണ്ട് പേരാണ് കവര്‍ച്ച നടത്തിയത്. ഇവരുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതിനിടയിലാണ് നെല്ലിക്കുന്നിലും പള്ളികളില്‍ കവര്‍ച്ചാ ശ്രമം നടന്നത്.